c
ലോക് ഡൗണിൽ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കൊല്ലം ചിന്നക്കടയിൽ ഇന്നലെ അനുഭവപ്പെട്ട വാഹനത്തിരക്ക്

നഗരത്തിൽ ഗതാഗതത്തിരക്ക്

കൊല്ലം: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു. ഇന്നലെ നഗരത്തിൽ അനുഭവപ്പെട്ടത് ലോക്ക് ഡൗണിന് മുമ്പുള്ള ദിവസങ്ങളിലേതിന് സമാനമായ വാഹനത്തിരക്കാണ്. പൊതുഗതാഗതം ആരംഭിച്ചില്ലെങ്കിലും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയർന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. തുടർന്ന് പൊലീസ് നടത്തിയിരുന്ന പരിശോധന ശക്തമാക്കുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പുറത്തിറങ്ങിയവരിൽ കൂടുതലും കാരണമില്ലാതെ കറങ്ങാനിറങ്ങിയവരാണെന്ന് പൊലീസ് പറയുന്നു.

വിവാഹാവശ്യങ്ങൾക്കായി സ്വർണം, തുണി വില്പനശാലകൾ തുടങ്ങിയവ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ചിലയിടങ്ങളിൽ മറ്റുള്ളവരും എത്തി. ഇവരെ വിലക്കാൻ കച്ചവടക്കാർ ശ്രമിച്ചത് വാക്കുതർക്കത്തിലെത്തുകയും പലയിടത്തും പൊലീസ് ഇടപെടേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു. അവശ്യ സേവന മേഖലയിലുള്ളവർക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡും മറ്റുള്ളവർക്ക് സത്യവാങ്മൂലവും നിർബന്ധമാണ്.

ഹോം ക്വാറന്റൈൻ ലംഘിച്ചതിന് 9 പേർക്കെതിരെ കേസ്

ക്വാറന്റൈൻ ലംഘിച്ചതിന് കൊവിഡ് ഗൃഹചികിത്സയിലിരുന്ന 9 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം സിറ്റിപൊലീസ് കേസെടുത്തു. ഇവരെ ഗൃഹവാസ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, അഞ്ചാലുംമൂട്, ചവറ, തെക്കുംഭാഗം, കരുനാഗപ്പളളി സ്റ്റേഷൻ പരിധികളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സിറ്റി പരിധിയിൽ

പിടിച്ചെടുത്ത വാഹനങ്ങൾ : 74
അടപ്പിച്ച കടകൾ : 21
അറസ്റ്റ് : 55
സാമൂഹിക അകലം പാലിക്കാത്തവർ : 560
മാസ്ക് ധരിക്കാതിരുന്നവർ : 713

ഇളവുകൾ നിലവിൽ വന്നെങ്കിലും കൊവിഡ് നിയന്ത്രണം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വാഹന പരിശോധന ശക്തമാക്കും.

ടി. നാരായണൻ, സിറ്റി പൊലീസ് കമ്മിഷണർ