പത്തനാപുരം : ഇന്ന് സ്കൂളുകളിൽ പ്രവേശനോത്സവം. വീടുകളിലിരുന്ന് വിദ്യാർത്ഥികൾ ഓൺലൈനിലൂടെ പ്രവേശനോത്സവങ്ങളിൽ പങ്കാളികളാകും. എന്നാൽ മുള്ളുമല, കിഴക്കേ വെള്ളം തെറ്റി വനവാസി ഗിരിജൻകോളനിയിലെ വിദ്യാർത്ഥികൾ പഠനം മുടങ്ങിയ സങ്കടത്തിലാണ്. സ്കൂൾ അധികൃതർ പോലും തിരിഞ്ഞ് നോക്കാതായതോടെ വനവാസി ഊരിൽ ഓൺലൈൻ പഠനം ഏതാണ്ട് നിലച്ച മട്ടാണ്.
മൊബൈലിന് കവറേജ് ഇല്ലാത്തതും അടിക്കടി മുടങ്ങുന്ന വൈദ്യുതിയുമാണ് വനവാസി ഊരിലെ കുട്ടികളുടെ പഠനം മുടക്കിയത്.
ജനപ്രതിനിധികൾ അറിയുന്നുണ്ടോ?
പ്രദേശത്ത് ടവർ സ്ഥാപിച്ച് നെറ്റ് വർക്ക് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് കാലങ്ങളായി പറഞ്ഞ് പറ്റിച്ച ജനപ്രതിനിധികൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വനവാസി കുടുംബങ്ങൾ. അത്യാവശ്യങ്ങൾക്ക് പോലും മൊബൈലിൽ ബന്ധപ്പെടാൻ പറ്റാത്ത സ്ഥിതിയാണ്. മിക്ക വീടുകളിലും ഇപ്പോഴും ടി.വി യോ മൊബൈലോ ഇല്ല. പിറവന്തൂർ പഞ്ചായത്തിലെ കിഴക്കേ വെള്ളം തെറ്റി, ചെമ്പനരുവി വാർഡിൽ ഉൾപ്പെടുന്ന കോളനികളിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികളുടെ പഠനമാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്. കുട്ടികളുടെ പഠനത്തിനായി റേഞ്ച് നോക്കി വന്യമ്യഗങ്ങളുള്ള വനത്തിലേക്ക് പോകേണ്ട അവസ്ഥയാണ്. നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കിയിട്ടില്ലന്നാണ് ആക്ഷേപം.
നൂറിലധികം വിദ്യാർത്ഥികളുടെ പഠനം മുടങ്ങി
പുതിയ അദ്ധ്യയന വർഷത്തിലെങ്കിലും പഠനത്തിന് സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. നൂറ് കണക്കിന് കുടുംബങ്ങൾ കഴിയുന്ന വനവാസി ഊരുകളിൽ നൂറിലധികം വിദ്യാർത്ഥികളുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള അവകാശമെങ്കിലും ഒരുക്കണമെന്നാണ് കോളനി വാസികളുടെ ആവശ്യം. ആദിവാസി മേഖലയ്ക്കായി ഒട്ടനവധി സർക്കാർ പദ്ധതികളുണ്ടെങ്കിലും യാതൊരു പരിഗണനയോ സഹായങ്ങളോ ലഭിക്കാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.