life
കിങ്ങിണിയും അമ്മയും

അടൂർ : ജനനസമയത്ത് കേവലം 430 ഗ്രാം തൂക്കം... ആറാംമാസം പിറന്ന കുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടില്ലെന്ന മാതാപിതാക്കളുടെ ആശങ്ക ഒരുകൂട്ടം ഡോക്ടർമാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി ആഹ്ളാദത്തിലേക്ക് വഴിമാറി. പുഞ്ചിരി തൂകി 'കിങ്ങിണി' ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒാമനയായി.

120 ദിവസത്തെ പരിചരണത്തിനൊടുവിൽ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതമാവുകയാണ് കിങ്ങിണി. ഇപ്പോൾ ഭാരം1800 ഗ്രാമായി. 2021 ജനുവരി 12ന് കേവലം 24 ആഴ്ച വളർച്ച ആയിരിക്കുമ്പോഴാണ് പത്തനംതിട്ട സ്വദേശിയിയായ അഭിഷേക് സി. നായർ - അമൃത ദമ്പതികളുടെ കൺമണി പിറന്നത്.

2018 നവംബറിൽ 510 ഗ്രാം തൂക്കത്തിൽ ജനിച്ച കരുനാഗപ്പള്ളി സ്വദേശികളായവരുടെ സഫീസത്തുൾ മിസ്രിയ ആയിരുന്നു ഇൗ ആശുപത്രിയുടെ അത്യാധുനിക സംവിധാനമുള്ള എൻ.ഐ.സി. യുവിന്റെ പരിചരണത്തിൽ രക്ഷപെട്ട ഏറ്റവും ഭാരം കുറഞ്ഞ കുട്ടി. ആ റെക്കാഡാണ് കിങ്ങിണി തിരുത്തിയത്. 430 ഗ്രാമിൽ നിന്ന് 390 ഗ്രാമായി താഴ്ന്നിട്ടും അവിടെനിന്ന് 1800 ഗ്രാമായി വളർത്തിയെടുക്കാൻ കഴിഞ്ഞത് ആശുപത്രിയിൽ നിലവിലുള്ള അത്യാധുനിക സംവിധാനങ്ങളുടെ ഫലമായാണെന്ന് നിയോനെറ്റോളജിസ്റ്റ് ഡോ. ബിനു ഗോവിന്ദ്, മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കുട്ടികളുടെ വിഭാഗത്തിലെ സീനിയർ ഡോക്ടർ ജൂഡി ബാബു, ആശുപ്രതി സി.ഇ.ഒ ഡോ. ജോർജ് ചക്കച്ചേരിൽ, പി.ആർ.ഒ ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.