കൊട്ടിയം:വാളത്തുംഗൽ മയ്യനാട് റോഡിൽ കളരിവാതുക്കൽ ക്ഷേത്രത്തിനു സമീപം സൈക്കിളിന് പിറകിൽ അതേ ദിശയിൽ വന്ന സ്കൂട്ടറിടിച്ച് 2 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കാണ് സംഭവം. സൈക്കിൾ യാത്രികനായ വാളത്തുംഗൽ സ്നേഹധാര നഗർ 154ൽ സജിത മൻസിലിൽ മുസ്തഫ(68), സ്കൂട്ടർ യാത്രികനായ മയ്യനാട് കാരിക്കുഴി സ്വദേശി കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മുസ്തഫയുടെ കൈകാലുകൾക്കും സ്കൂട്ടർ യാത്രികനായ കുമാറിന്റെ തലയ്ക്കും പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ കുമാറിനെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും മുസ്തഫയെ കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മയ്യനാട് കാരിക്കുഴി സ്വദേശിയായ ബിനു നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ദീപു, എ.എസ്.ഐ. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.