bypass

കൊല്ലം: ബൈപ്പാസിലെ കുരീപ്പുഴ ടോൾ പ്ലാസയിൽ ടോൾ പിരിവ് ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 8 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് കാണിച്ച് ദേശീയപാതാ അതോറിറ്റി മാദ്ധ്യമങ്ങളിൽ പരസ്യം നൽകി. ടോൾ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടോൾ പിരിവ് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ഔദ്യോഗിക കാരണങ്ങളെ തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. അതേസമയം, ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് കരാർ കമ്പനി നിർദേശം നൽകിയിട്ടില്ലെന്നാണ് വിവരം.

ടോൾ പിരിവിന് അനുമതി നൽകി കേന്ദ്ര സർക്കാർ ജനുവരി ആദ്യം തന്നെ നടപടികൾ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു.

ജില്ലാ ഭരണകൂടം അനുമതി നൽകാതായതോടെ ആദ്യം കരാർ ഏറ്റെടുത്ത വി.എസ് ഗ്രൂപ്പ്‌ പിന്മാറിയിരുന്നു. രണ്ടുമാസം മുമ്പ് നടന്ന താത്കാലിക ടെൻഡറിലാണ് പൂനെ ആസ്ഥാനമായ എ.കെ ഗ്രൂപ്പ്‌ മൂന്ന് മാസത്തേയ്ക്ക് കരാർ ഏറ്റെടുത്തത്. ടോൾ പിരിവ് നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് കമ്പനിയുടെ നിലപാട്.