എഴുകോൺ: പഞ്ചായത്തിലെ ആഫ്രിക്കൻ ഒച്ച് ശല്യം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ.എൻ.ബാലഗോപാൽ. എഴുകോണിലെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ഒന്നരലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. പ്രാദേശികമായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭവും രോഗ- കീടബാധയും നിയന്ത്രിക്കുന്നതിന് കൃഷി വകുപ്പിന് അടിയന്തരമായി ചെലവഴിക്കാവുന്ന ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. ആവശ്യമുണ്ടെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പാണ് നടപടികൾക്ക് നേതൃത്വം നൽകുക. എഴുകോണിലെ കാർഷിക കർമസേനയെ ഉപയോഗിച്ചാകും നിവാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കീടനാശിനികൾ ഉപയോഗിച്ച് ഒച്ചുകളെ തുരത്താനും മണ്ണിൽ ചാക്കുകൾ കുഴിച്ചിട്ട് ഒച്ചുകളെ അതിലേക്ക് എത്തിച്ച് നശിപ്പിച്ച് കളയാനുമുള്ള കർമ്മപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.