കൊടുങ്ങല്ലൂർ: കൊവിഡ് തീവ്ര വ്യാപനത്തിനിടെ വിലകൊടുത്ത് വാക്‌സിൻ വാങ്ങണമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം പാവപ്പെട്ട ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി യോഗം ആരോപിച്ചു.
കനത്ത സാമ്പത്തിക ബാദ്ധ്യത വരുന്ന വാക്‌സിനേഷൻ യജ്ഞത്തിന് പൊതുസമൂഹത്തോടൊപ്പം സംസ്ഥാനത്തെ സർവീസ് പെൻഷൻകാരും കൈകോർക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുങ്ങല്ലൂർ ബ്ലോക്കിലെ കെ.എസ്.എസ്.പി.യു അംഗങ്ങളിൽ നിന്നും പത്ത് ലക്ഷം രൂപ സ്വരൂപിച്ച് നൽകും. ആദ്യ ഗഡുവായി പുല്ലൂറ്റ് യൂണിറ്റിൽ നിന്നും 50,000 രൂപ കൈമാറും.
ബ്ലോക്ക് പ്രസിഡന്റ് എൻ.എ കുഞ്ഞുമൊയ്തീന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ശിവരാമൻ, വി.കെ ജോഷി, എൻ.എ.എം അഷറഫ്, പ്രൊഫ. കെ.കെ രാമചന്ദ്രൻ, കെ.കെ പത്മനാഭൻ, ഫൗസിയ ടീച്ചർ, രവീന്ദ്രൻ, അബ്ദുള്ള മാസ്റ്റർ എന്നിവർ പങ്കെടുത്തു.