കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ മേഖലയിലെ സ്വകാര്യ ബസ് സർവീസുകൾ നിറുത്തിവച്ചു. കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിൽ നാമമാത്രമായ ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപനത്തെ തുടർന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതാണ് സർവീസുകൾ നിറുത്തിവയ്ക്കാൻ കാരണമായത്.
ഗ്രാമീണ മേഖലയിലേക്കുള്ള മിക്ക സർവീസുകളും നിലച്ച മട്ടാണ്. ഈ സ്ഥിതി തുടർന്നാൽ അടുത്ത രണ്ട് മാസത്തേക്കെങ്കിലും സ്വകാര്യ ബസ് സർവീസ് സ്തംഭിക്കുമെന്നാണ് സൂചന. നികുതി ഇളവ് ലഭിക്കുന്നതിനായി പല ബസ് ഉടമകളും ജി ഫോം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കൊടുങ്ങല്ലൂർ മേഖലയിൽ മാത്രം മുന്നൂറിലധികം ദീർഘദൂര - ഹ്രസ്വദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ പകുതിയോളം നേരത്തെ തന്നെ യാത്ര അവസാനിപ്പിച്ചു. യാത്രക്കാരെ ഇരുത്തി സർവീസ് നടത്തണമെന്ന സർക്കാർ നിർദ്ദേശം വന്നതോടെ പല ബസുകളും ഓട്ടം നിറുത്തുകയായിരുന്നു.