വടക്കാഞ്ചേരി: വോട്ടെടുപ്പിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയിലേറെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിൽ ഇന്നലെ വൈകീട്ടോടെ പൊലീസ് കൂടുതൽ സുരക്ഷയൊരുക്കി. വോട്ടണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വഴികൾ പൈപ്പുകൾ കൊണ്ട് കെട്ടി തിരിച്ചിട്ടുണ്ട്. ആവശ്യം വന്നാൽ ഉപയോഗിക്കാനായി ബാരിക്കേഡുകൾ ഒരുക്കിയിട്ടുണ്ട്.
ചേലക്കര നിയോജക മണ്ഡലത്തിലെ വോട്ടെണ്ണുന്ന ചെറുതുരുത്തി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ആദ്യമായാണ് നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ നടക്കുന്നത്. ഇവിടെ ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രൻ, എസ്.ഐ മൊയ്തീൻ കുട്ടി, മറ്റ് കേന്ദ്ര സേനാംഗങ്ങൾ എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
കുന്നംകുളം നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കുന്ന വടക്കാഞ്ചേരി ഗവ.ബോയ്‌സ് ഹൈസ്‌കൂളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണൽ നടക്കുന്നത് തൃശൂർ എൻജിനിയറിംഗ് കോളേജിലാണ്. വോട്ടെണ്ണുന്ന സ്ഥലങ്ങളിലേക്ക് അനുവദിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വോട്ടെണ്ണൽ നടക്കുന്ന ചെറുതുരുത്തി ഗവ.ഹൈസ്കൂളിൽ പൊലീസ് പരിശോധന നടത്തുന്നു