തൃശൂർ: ലൈഫ് മിഷൻ വിവാദത്തിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായ വടക്കാഞ്ചേരിയിൽ ഇടതിന് അഭിമാന ജയം. സിറ്റിംഗ് എം.എൽ.എ അനിൽ അക്കരയായിരുന്നു സർക്കാരിനെ പ്രതിരോധത്തിലാക്കിയ ലൈഫ് മിഷൻ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
വടക്കാഞ്ചേരിയിൽ ഭവനരഹിതർക്കായി യു.എ.ഇ.യിലെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റിന്റെ സഹായത്തോടെ ഫ്‌ളാറ്റും സമീപത്തായി ആശുപത്രിയും നിർമ്മിക്കുന്ന പദ്ധതിയാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.അതിനാൽ, സേവ്യർ ചിറ്റിലപ്പിളളിയുടെ (50) ജയം സർക്കാരിന് വലിയ നേട്ടമായി.
2016ൽ അനിൽ അക്കര 43 വോട്ടിന്റെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് വടക്കാഞ്ചേരിയിൽ വിജയിച്ചത്. ജില്ലയിൽ യു.ഡി.എഫ് ജയിച്ച ഒരേയൊരു മണ്ഡലമായിരുന്നു വടക്കാഞ്ചേരി.
കന്നി അങ്കത്തിൽ
നിയമസഭയിലേക്ക് കന്നിമത്സരമാണ് സേവ്യറിന്റേത്. 2016 ൽ സേവ്യറിനെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വടക്കാഞ്ചേരി സ്വദേശിയായ സേവ്യറിന് ശക്തമായ ജനകീയ പരിവേഷമുണ്ട്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് അംഗവുമാണ്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. വടക്കാഞ്ചേരി ചിറ്റിലപ്പിള്ളി വീട്ടിൽ പരേതരായ അല്ലേശുവിനെയും അഥീനയുടെയും മകനാണ്. ഭാര്യ ജിഷ അദ്ധ്യാപിക. മക്കൾ: എഡ്വിൻ. സി. സേവ്യർ, സ്റ്റാർവിൻ സി. സേവ്യർ.