ldf

തൃശൂർ: ഉറപ്പാണ് തുടർഭരണമെന്ന മുദ്രാവാക്യം ഏറ്റെടുത്ത തൃശൂരിലെ ജനങ്ങൾ, 13 മണ്ഡലങ്ങളിൽ പന്ത്രണ്ടും എൽ.ഡി.എഫിന് നൽകി 2016ന് സമാനമായി വിധിയെഴുതി. അന്ന് യു.ഡി.എഫിന് ആശ്വസിക്കാൻ വടക്കാഞ്ചേരിയിൽ അനിൽ അക്കര ജയിച്ചപ്പോൾ, ഇപ്പോൾ ചാലക്കുടിയിൽ സനീഷ്‌കുമാറാണ്.

ആദ്യ മണിക്കൂർ പിന്നിടുമ്പോൾ തന്നെ തകർക്കാനാവാത്ത ലീഡ് നിലയുമായാണ് ജില്ലയിൽ ഇടതുമുന്നണി കുതിച്ചത്. സുരേഷ് ഗോപിയുടെ വരവോടെ ശക്തമായ ത്രികോണപ്പോര് കാഴ്ചവച്ച തൃശൂർ മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികളും വോട്ടെണ്ണലിന്റെ ഓരോ നിമിഷവും ഉദ്വേഗഭരിതമാക്കി. ലീഡ് ഓരോ മണിക്കൂറിലും മാറിമറിഞ്ഞു.

ആദ്യം പത്മജയ്ക്കായിരുന്നെങ്കിൽ പിന്നീട് ബാലചന്ദ്രനായി ലീഡ്. പിന്നാലെ സുരേഷ് ഗോപി മുന്നിലെത്തിയതോടെ എൻ.ഡി.എ ക്യാമ്പ് ഉണർന്നു. തപാൽ വോട്ട് എണ്ണുന്നതിൽ തർക്കമുണ്ടായതിനെ തുടർന്ന് കുറച്ചുനേരം വോട്ടെണ്ണൽ നിറുത്തി. ഒടുവിൽ ബാലചന്ദ്രനിലേക്ക് വിജയമെത്തുകയായിരുന്നു.

വടക്കാഞ്ചേരിയിലെ വിജയം ഇടതുമുന്നണിയുടെ മധുരപ്രതികാരമായി. ലൈഫ് മിഷൻ വിവാദങ്ങളുടെ മുനയൊടിക്കുന്നതായി ഈ വിജയം. ചാലക്കുടിയിൽ ആദ്യ മണിക്കൂറിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം. അവസാനനിമിഷം സനീഷ്‌കുമാർ വിജയിക്കുകയായിരുന്നു. ഗുരുവായൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിതയുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെ യു.ഡി.എഫിലെ കെ.എൻ.എ ഖാദർ വലിയ പ്രതീക്ഷയാണ് വച്ചുപുലർത്തിയത്. ആദ്യഘട്ടത്തിൽ ഖാദറിന് ലീഡ് ലഭിച്ചെങ്കിലും പിന്നെ എൽ.ഡി.എഫിലെ അക്ബർ മുന്നിലെത്തി.