congress

തൃശൂർ: കോൺഗ്രസിന് തൊട്ടതെല്ലാം പിഴച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൊണ്ടുവന്ന പുതുമ പക്ഷേ ഇടത് തരംഗത്തിൽ വിലപ്പോയില്ല. അവസാനം യുവത്വത്തിന് പരിഗണന കൊടുത്ത് ചാലക്കുടിയിൽ രംഗത്തിറക്കിയ സനീഷ് കുമാർ ജോസഫിലൂടെ ലഭിച്ച നേരിയ മാർജിനിലുള്ള വിജയം മാത്രം പിടിവള്ളിയായി.

കഴിഞ്ഞ തവണ ലഭിച്ച വടക്കാഞ്ചേരി പോലും നിലനിറുത്താൻ സാധിക്കാതെയാണ് യു.ഡി.എഫ് കൂപ്പുകുത്തിയത്. തൃശൂരിലും ചാലക്കുടിയിലും മാത്രമാണ് കടുത്ത മത്സരം നടന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ബി.ഡി ദേവസി 26,​000ത്തിൽ പരം വോട്ടുകൾക്ക് വിജയിച്ച സീറ്റാണ് ചാലക്കുടി. തൃശൂരിൽ ത്രികോണ മത്സരമായിരുന്നെങ്കിൽ ചാലക്കുടിയിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു മത്സരം. തൃശൂരിൽ എല്ലാവരും വിജയം പ്രവചിച്ചിരുന്ന പത്മജ വേണുഗോപാൽ അവസാന നിമിഷമാണ് രണ്ടാമതെത്തിയത്. പലപ്പോഴും മൂന്നാം സ്ഥാനത്തേക്കുമെത്തി.

വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ അനായാസ വിജയവും,​ കയ്പമംഗലത്ത് അട്ടിമറി വിജയവും യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് അഴിമതി ഉയർത്തിക്കൊണ്ടു വന്ന യു.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ അനിൽ അക്കര എൽ.ഡി.എഫിലെ യുവനേതാവ് സേവ്യർ ചിറ്റിലപ്പിള്ളിക്ക് മുമ്പിൽ പൊരുതി നിൽക്കാൻ പോലും സാധിക്കാതെ കീഴടങ്ങി. ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സി.സി ശ്രീകുമാറിനെ റെക്കാഡ് ഭൂരിപക്ഷത്തിലാണ് കെ. രാധാകൃഷ്ണൻ തറപറ്റിച്ചത്. നിലവിലെ എം.എൽ.എ യു.ആർ പ്രദീപിനെ മാറ്റിയതിലൂടെയുണ്ടായ പ്രതിഷേധം തങ്ങൾക്ക് ഗുണമാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

കുന്നംകുളം മണ്ഡലത്തിൽ പുതുമുഖമായ കെ. ജയശങ്കർ വലിയ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനായില്ല. ഗുരുവായൂരിൽ ബി.ജെ.പിയുടെ പത്രിക തള്ളിയതോടെ അവർക്ക് ലഭിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന നിക്ഷ്പക്ഷ വോട്ടുകളിലായിരുന്നു മുസ്‌ലിം ലീഗിലെ കെ.എൻ.എ ഖാദറിന്റെ പ്രതീക്ഷ. എന്നാൽ ആ കണക്ക് കൂട്ടലും തകിടം മറിഞ്ഞു. മണലൂരിൽ സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ പെയ്ഡ് സീറ്റ് എന്ന ആരോപണം വിജയ് ഹരിക്കെതിരെ ഉയർന്നിരുന്നു. അവിടെയും നിലംതൊടാതെയായിരുന്നു പരാജയം.

നാട്ടികയിലും പൊരുതാതെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ പരാജയം സമ്മതിച്ചത്. എൻ.കെ സുധീറിനെയും കെ.വി ദാസനെയും മാറ്റിയാണ് സുനിൽ ലാലൂരിന് സീറ്റ് നൽകിയത്. കയ്പമംഗലത്ത് എൽ.ഡി.എഫിന് 33,​000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് കുറയ്ക്കാൻ സാധിച്ചുവെന്നതാണ് ശോഭ സുബിന്റെ നേട്ടം.

കൊടുങ്ങല്ലൂരിൽ അവസാന നിമിഷം നറുക്ക് വീണ എം.പി ജാക്‌സന് സിറ്റിംഗ് എം.എൽ.എ വി.ആർ സുനിൽകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസിലെ (ജോസഫ്) തോമസ് ഉണ്ണിയാടന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

സ്ഥാനാർത്ഥി നിർണയത്തിൽ ഏറെ വിവാദമുണ്ടാക്കിയ പുതുക്കാടിൽ സുനിൽ അന്തിക്കാടിനും നാണംകെട്ട തോൽവിയായി. പല ഘട്ടത്തിലും മൂന്നാം സ്ഥാനത്തേയ്ക്ക് വരെ പിന്തള്ളപ്പെട്ടു. ഒല്ലൂരിൽ ജോസ് വള്ളൂരിന് സ്വന്തം നാട്ടുകാരനായ കെ. രാജന് മുമ്പിൽ പിടിച്ചു നിൽക്കാനായില്ല.