radha
കൃഷിയിടത്തിൽ കപ്പ വിളവെടുക്കുന്നതിനിടെ കെ.രാധാകൃഷ്ണൻ

തൃശൂർ: മണ്ണിൽ പണിയെടുത്ത്, പട്ടിണിയോട് പടവെട്ടിയ ബാല്യകൗമാരങ്ങൾ കടന്ന് മന്ത്രിയും സ്പീക്കറും ഒടുവിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണന്റെ, ചേലക്കരയുടെ 'രാധേട്ടന്റെ' 39,400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം റെക്കാഡായി. ജില്ലയുടെ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷമാകും ഇതെന്നാണ് കരുതുന്നത്.

2016 ൽ ജില്ലയിലെ ഉയർന്ന ഭൂരിപക്ഷം പുതുക്കാട് നിന്ന് സി. രവീന്ദ്രനാഥ് നേടിയതായിരുന്നു, 38478. ചേലക്കരയിൽ നിന്ന് അഞ്ചാം തവണയാണ് രാധാകൃഷ്ണൻ നിയമസഭയിലേക്ക് മത്സരിക്കുന്നത്. യു.ഡി.എഫിന്റെ കുത്തകയായിരുന്ന ചേലക്കര നിയോജക മണ്ഡലത്തിൽ 1996ലായിരുന്നു കന്നിഅങ്കം. 2323 ആയിരുന്നു ഭൂരിപക്ഷം. 2001ൽ 1475, 2006ൽ 14,629, 2011ൽ 24,676 എന്നിങ്ങനെ ഭൂരിപക്ഷം ഉയർന്നു. 1996ൽ നായനാർ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി പട്ടികജാതി വർഗ വകുപ്പ് ഏറ്റെടുത്തു.

മന്ത്രിയായിരുന്നപ്പോഴും ചേലക്കര തോന്നൂർക്കരയിലെ ചെറിയ കൂരയിലായിരുന്നു താമസം. 2001 - 2006ൽ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായി. 2006- 2011 ൽ സ്പീക്കറായി. കെ. രാധാകൃഷ്ണന്റെ പ്രതിച്ഛായ സി.പി.എമ്മിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന് വിലയിരുത്തിയാണ് 2016 മാർച്ചിൽ തൃശൂർ ജില്ലാ സെക്രട്ടറിയായി പാർട്ടി നിയോഗിക്കുന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന എ.സി മൊയ്തീനെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയാക്കിയപ്പോഴായിരുന്നു അത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാധാകൃഷ്ണനെ, 2018 ലാണ് ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഈ തിരഞ്ഞെടുപ്പിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ സി.സി ശ്രീകുമാറായിരുന്നു എതിരാളി. പട്ടിക ജാതി മോർച്ച ദേശീയ വൈസ് പ്രസിഡന്റും തമിഴ് നാട് പ്രഭാരിയുമായിരുന്ന, നിലവിൽ സംസ്ഥാന പ്രസിഡന്റുമായ ഷാജുമോൻ വട്ടേക്കാടായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി.

ചേലക്കരയുടെ മണ്ണിൽ നിന്ന്

കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതിനിടെയായിരുന്നു രാധാകൃഷ്ണന്റെ പൊതുപ്രവർത്തനവും. ജനപ്രതിനിധി ആയിരിക്കുമ്പോഴും സാധാരണ കർഷകനായി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നപ്പോൾ മുതൽ തുടങ്ങിയതാണ് വേർപിരിക്കാനാവാത്ത രാഷ്ട്രീയ - കാർഷിക ജീവിതം. കേരളവർമ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ, അച്ഛൻ ഹൃദയാഘാതം ബാധിച്ച് മരിച്ചതോടെ പഠനം വഴിമുട്ടി. കുടുംബത്തിന്റെ പ്രാരാബ്ധം ചുമലിലായി. അപ്പോഴും രാധാകൃഷ്ണൻ തളർന്നില്ല. 1991ൽ ആദ്യ ജില്ലാ കൗൺസിലിലേക്ക് വള്ളത്തോൾ നഗറിൽ നിന്നും ജയിച്ചാണ് ആദ്യം ജനപ്രതിനിധിയാവുന്നത്. ചേലക്കര തോന്നൂർക്കര വടക്കേവളപ്പിൽ കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനാണ് അവിവാഹിതനായ രാധാകൃഷ്ണൻ.