വടക്കാഞ്ചേരി പിടിച്ചപ്പോൾ കാലിടറിയത് ചാലക്കുടിയിൽ മാത്രം

തൃശൂർ: ജില്ലയിൽ എൽ.ഡി.എഫിന്റെ അരക്കിട്ടുറപ്പിച്ച മേധാവിത്വം. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12 എണ്ണവും വിജയിച്ചാണ് എൽ.ഡി.എഫ് ഒരിക്കൽ കൂടി കരുത്ത് തെളിച്ചത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി തിരിച്ചു പിടിച്ചതോടെ സമ്പൂർണ വിജയം നേടുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ ചാലക്കുടി നഷ്ടമായത് മാത്രമാണ് തിരിച്ചടിയായത്. എന്നിരുന്നാലും ചരിത്രം കുറിക്കുന്ന വിജയമാണ് കരസ്ഥമാക്കിയത്. ചേലക്കര മണ്ഡലത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് മുൻ സ്പീക്കർ കെ. രാധകൃഷ്ണൻ വിജയിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറിനെയാണ് പരാജയപ്പെടുത്തിയത്.

ജില്ലയിലെ പ്രസ്റ്റീജ് പോരാട്ടം നടന്ന വടക്കാഞ്ചേരിയിൽ സിറ്റിംഗ് എം.എൽ.എ അനിൽ അക്കരയ്ക്കെതിരെ സി.പി.എമ്മിന്റെ യുവമുഖം സേവ്യർ ചിറ്റിലപ്പിള്ളി നേടിയത് മികച്ച വിജയമാണ്. കഴിഞ്ഞ തവണ 43 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട സി.പി.എം ഇത്തവണ അതിന് പകരം വീട്ടിയത് വൻ ഭൂരിപക്ഷം നേടിയാണ്. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീന് കഴിഞ്ഞ തവണ എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കിൽ തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾക്ക് കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മറുപടി നൽകിയത്.

ഗുരുവായൂരിൽ കെ.വി അബ്ദ്ദുൾ ഖാദറിന് പകരം സ്ഥാനാർത്ഥിയാക്കിയ എൻ.കെ. അക്ബറും ഭൂരിപക്ഷം വർദ്ധിപ്പിച്ചു. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ഡി.എസ്.ജെ.പിയിലെ ദീലീപ് നായരെയാണ് പിന്തുണച്ചിരുന്നത്. ഇവിടെ ലീഗിലെ കെ.എൻ.എ. ഖാദറിന് പലരും സാദ്ധ്യത കൽപ്പിച്ചിരുന്നു. അതേസമയം പ്രദേശികമായി ഏറെ ബന്ധമുള്ള മുൻ ചാവക്കാട് നഗരസഭാ ചെയർമാൻ കൂടിയായ അക്ബർ തുടർച്ചായായി നാലാം തവണയും സീറ്റ് എൽ.ഡി.എഫിന് നേടിക്കൊടുക്കുകയായിരുന്നു. മണലൂരിൽ മുരളി പെരുനെല്ലി, നാട്ടികയിൽ സി.സി. മുകുന്ദൻ എന്നിവർ കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫിന്റെ മേധാവിത്വം ഉറപ്പിച്ചു.

കയ്പമംഗലത്ത് കഴിഞ്ഞ തവണ 33,​000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നത് ഇത്തവണ ഇ.ടി ടൈസൺ മാസ്റ്റർക്ക് നിലനിറുത്തായില്ല. കൊടുങ്ങല്ലൂരിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ വി.ആർ. സുനിൽ കുമാറിന് സാധിച്ചു. എന്നാൽ ചാലക്കുടിയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ സീറ്റിൽ മാത്രമാണ് ജില്ലയിൽ എൽ.ഡി.എഫിന് കാലിടറിയത്. കഴിഞ്ഞ തവണ 26,​648 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്താണ് പരാജയം രുചിക്കേണ്ടി വന്നത്. പുതുക്കാട് സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായിരുന്ന സി. രവിന്ദ്രനാഥിന്റെ ലീഡ് കെ.കെ രാമചന്ദ്രന് നേടാൻ സാധിച്ചില്ലെങ്കിലും 27,​353 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ രാമചന്ദ്രന് സാധിച്ചു.

ഗവ. ചീഫ് വിപ്പ് കെ. രാജന്റെ വിജയത്തിന് തിളക്കമേറെയാണ്. മണ്ഡലത്തിൽ ഏറെ ജനകീയനായിരുന്ന കെ. രാജൻ സ്വന്തം നാട്ടുകാരൻ കൂടിയായ ജോസ് വള്ളൂരിനെ 21,​000ത്തിലേറെ വോട്ടുകൾക്കാണ് തകർത്തത്. രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിക്കാൻ സാദ്ധ്യതയുള്ള നേതാവ് കൂടിയാണ് രാജൻ. ജില്ലയിലെ ഏറ്റവും തിളക്കമാർന്ന വിജയം തൃശൂരിൽ പി. ബാലചന്ദ്രന്റേതാണ്. ആയിരത്തിൽ താഴെ മാത്രമേ ഭൂരിപക്ഷമുള്ളൂവെങ്കിലും അവസാനത്തെ റൗണ്ടുകളിൽ കയറിയാണ് വിജയം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് എറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ച ഇരിങ്ങാലക്കുടയിൽ സിറ്റിംഗ് എം.എൽ.എയെ മാറ്റി നടത്തിയ പരീക്ഷണവും വിജയച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയും മുൻ മേയറുമായിരുന്ന പ്രൊഫ. ആർ. ബിന്ദു ഭൂരിപക്ഷം വർദ്ധിപ്പിച്ച് എൽ.ഡി.എഫിന്റെ പ്രതീക്ഷകൾ കാത്തു.