1
സേവ്യർ ചിറ്റിലപ്പിള്ളി

വടക്കാഞ്ചേരി: വടക്കാഞ്ചേരിയുടെ നഷ്ടപ്പെട്ട വികസന സാദ്ധ്യതകൾ വീണ്ടെടുക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി. യു.ഡി.എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തതിന്റെ ആഹ്‌ളാദം മറച്ചു വക്കുന്നില്ല എൽ.ഡി.എഫ് നേതൃത്വവും. ലൈഫ് മിഷൻ ഫ്‌ളാറ്റ് വിവാദത്തെത്തുടർന്ന് കേരളം ഉറ്റുനോക്കിയിരുന്ന മണ്ഡലത്തിൽ 15,​117 വോട്ടുകളുടെ ലീഡുമായാണ് സേവ്യർ ചിറ്റിലപ്പിള്ളിയുടെ തിളക്കമാർന്ന വിജയം.

ഇടത് സർക്കാരിന്റെ തുടർഭരണം വടക്കാഞ്ചേരിയുടെ തുടർന്നുള്ള വികസനക്കുതിപ്പിന് വലിയ കരുത്താകുമെന്ന് ചൂണ്ടിക്കാട്ടിയ സേവ്യർ കഴിഞ്ഞ അഞ്ച് വർഷം നിലവിലെ ജനപ്രതിനിധിക്ക് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. വികസന മുരടിപ്പിൽ മനം മടുത്ത ജനവിധിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്നും മണ്ഡലത്തിൽ സമസ്ത മേഖലകളിലും വികസനമുന്നേറ്റം ഉറപ്പാക്കുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി വ്യക്തമാക്കി.