n-k-akbar-mla
എൻ.കെ.അക്ബർ

ചാവക്കാട്: തീരദേശത്തിന്റെ മാനസ പുത്രൻ എൻ.കെ. അക്ബർ ഇനി എം.എൽ.എ പദവിയിലേക്ക്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിലെ എൻ.കെ. അക്ബർ 19243 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോൾ ചെയ്ത വോട്ടിൽ 75874 വോട്ടുകളാണ് എൻ.കെ. അക്ബർ കരസ്ഥമാക്കിയത്. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ അഡ്വ. കെ.എൻ.എ. ഖാദറിന് 57765 മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ തവണ കെ.വി. അബ്ദുൾ ഖാദർ നേടിയ ഭൂരി പക്ഷത്തേക്കാൾ കൂടിയ വോട്ടുകൾ നേടിയാണ് എൻ.കെ. അക്ബർ വിജയക്കൊടി പാറിച്ചത്‌. വോട്ടെണ്ണലിന്റെ മുഴുവൻ ഘട്ടങ്ങളിലും ഭൂരിപക്ഷം വർദ്ധിപ്പിച്ചുകൊണ്ടായിരുന്നു മണ്ഡലത്തിൽ എൻ.കെ. അക്ബറിന്റെ തേരോട്ടം. അവശേഷിച്ച യു.ഡി.എഫ് കോട്ടകൾ ഓരോന്നും തകർന്നടിയുന്നതാണ് ഓരോ റൗണ്ടും വോട്ട് എണ്ണിക്കഴിയുമ്പോൾ കാണാനായത്.

എൻ.കെ. അക്ബർ നിലവിൽ സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറിയാണ്. തീരദേശത്തിന്റെ പുത്രനായ അക്ബർ ചാവക്കാട് നഗരസഭാ ചെയർമാനായിരുന്നു. 25-ാം വയസ്സിൽ ചാവക്കാട് നഗരസഭയിൽ കൗൺസിലറായി. 1995 മുതൽ 2005 വരെ കൗൺസിലറായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം 2015 ലാണ് വീണ്ടും ചാവക്കാട് നഗരസഭയിലേക്ക് മത്സരിച്ച് ചെയർമാനായത്.

മത്സ്യത്തൊഴിലാളികൾക്ക് വീട്, കുട്ടികൾക്ക് ലാപ്‌ടോപ്പ് ഉൾപ്പെടെ പഠനോപകരണങ്ങൾ, ഹൈദ്രോസ്‌കുട്ടി മൂപ്പർ ചാവക്കാട് വഞ്ചിക്കടവ് കുട്ടികളുടെ പാർക്ക്, ബാലാമണിഅമ്മ സ്മാരക ഷീ ലോഡ്ജ് തുടങ്ങി മികച്ച വികസന പ്രവർത്തനങ്ങ(ക്ക് നേതൃത്വം നൽകി. ബിരുദാനന്തര ബിരുദധാരിയായ അക്ബർ മമ്മിയൂർ, കുന്നംകുളം ടി.ടി.ഐ, പാവറട്ടി ഹൗസ് ഒഫ് നോളജ് തുടങ്ങിയ പാരലൽ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. 1994 മുതൽ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ്. ചാവക്കാട് ഈസ്റ്റ്, ഒരുമനയൂർ ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.

സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമായിരുന്നു. നിലവിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി, ആൾ കേരള ഗ്യാസ് ഏജൻസി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി സംസ്ഥാന ട്രഷറർ എന്നീ ചുമതലകൾ വഹിക്കുന്നു. ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. മത്സ്യത്തൊഴിലാളികൾക്കിടയിൽ സജീവ സേവനം നടത്തിയാണ് പൊതു പ്രവർത്തനം കരുപ്പിടിപ്പിച്ചത്.

എൻ.കെ. അക്ബറിന്റെ പിതാവ്: ചാവക്കാട് നാലകത്ത് കുറ്റിക്കാട്ട് ഉസ്മാൻ. മാതാവ്: റാബിയ. ഭാര്യ: സഫീറ (ചാവക്കാട് സഹകരണ ബാങ്ക്). മക്കൾ: ഫിബ, ഹിത (വിദ്യാർത്ഥികൾ).