തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇടതുതരംഗത്തിൽ ജില്ലയിൽ കടപുഴകി വീണവരിൽ പ്രമുഖരേറെ. തൃശൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ലീഡർ കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി, ഇരിങ്ങാലക്കുടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻ.ഡി.എ സ്ഥാനാർത്ഥി ജേക്കബ് തോമസ്, വടക്കാഞ്ചേരിയിൽ അനിൽ അക്കര, ഗുരുവായൂരിൽ കെ.എൻ.എ ഖാദർ എന്നിവരാണ് പരാജയപ്പെട്ട പ്രമുഖർ.
അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ കാൽനൂറ്റാണ്ടോളം കൈയടക്കിയിരുന്ന തൃശൂർ നിയോജക മണ്ഡലത്തിൽ വി.എസ്. സുനിൽകുമാർ ജയിച്ചതോടെയാണ് മണ്ഡലത്തിന്റെ ചരിത്രം മാറിയത്. ഇത്തവണ പി. ബാലചന്ദ്രനിലൂടെ ഇടതുപക്ഷം മണ്ഡലം നിലനിറുത്തി. ആരും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു ബാലചന്ദ്രന്റേത്. താരപരിവേഷത്തോടെ മണ്ഡലത്തിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ബാലചന്ദ്രൻ ജയം നേടിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലൊക്കെ മികച്ച ലീഡായിരുന്നു സുരേഷ് ഗോപിക്ക്.
വിജയമുറപ്പിച്ച് യു.ഡി.എഫ് ഇറക്കിയ വടക്കാഞ്ചേരിയിലെ സിറ്റിംഗ് എം.എൽ.എ അനിൽ അക്കരക്ക് അടിതെറ്റി. 15,168 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സേവ്യർ ചിറ്റിലപ്പള്ളി കഴിഞ്ഞ തവണ എൽ.ഡി.എഫ് നിസാരവോട്ടുകൾക്ക് കൈവിട്ട മണ്ഡലം തിരിച്ചുപിടിച്ചത്. അനിൽ അക്കരയുടെ പതനം യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടിയായി.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യയും മുൻ കോർപറേഷൻ മേയറുമായിരുന്ന ആർ. ബിന്ദുവിന് മിന്നുന്ന ജയമാണ് ഇരിങ്ങാലക്കുട സമ്മാനിച്ചത്. നാലാം അങ്കത്തിന് ഇറങ്ങിയ മുൻ ചീഫ് വിപ്പായിരുന്ന തോമസ് ഉണ്ണിയാടന്റെ പ്രതീക്ഷകളെ തകിടം മറിച്ചാണ് ഇടതുമുന്നണി ജയം കുറിച്ചത്. മുൻ ഡി.ജി.പി ജേക്കബ് തോമസ് എൻ.ഡി.എ സ്ഥാനാർത്ഥിയായതോടെ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടന്നത്.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഗുരുവായൂർ. ബി.ജെ.പിക്ക് സ്ഥാനാർത്ഥി ഇല്ലായിരുന്നതിനാലാണ് സംസ്ഥാന ശ്രദ്ധ ഗുരുവായൂരിലെത്തിയത്. യു.ഡി.എഫും എൽ.ഡി.എഫും മികച്ച മത്സരമാണ് ഗുരുവായൂരിൽ കാഴ്ചവച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദറും എൽ.ഡി.എഫിനായി ചാവക്കാട് നഗരസഭാ മുൻ ചെയർമാൻ എൻ.കെ. അക്ബറും തമ്മിലായിരുന്നു മത്സരം. യു.ഡി.എഫ് വിജയിക്കുമെന്ന് കരുതിയിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ഗുരുവായൂർ. എന്നാൽ എൻ.കെ. അക്ബർ സാമാന്യം നല്ല ഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം നിലനിറുത്തി.