ചേലക്കര: അഞ്ചാം അങ്കത്തിലും വിജയക്കൊടി പാറിച്ച് കെ. രാധാകൃഷ്ണൻ. 2001ലെ തന്റെ 24676 എന്ന ഭൂരിപക്ഷത്തെ വീണ്ടും ഉയർത്തി 39,400ലേക്ക് എത്തിച്ചാണ് കെ. രാധാകൃഷ്ണൻ ഇക്കുറി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞതവണ എം.എൽ.എ ആയിരുന്ന യു.ആർ. പ്രദീപിന്റെ വികസനത്തുടർച്ചയും രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവുമെല്ലാം വൻ ഭൂരിപക്ഷത്തിലേക്കെത്തിച്ചു.
കഴിഞ്ഞ തവണ യു ആർ. പ്രദീപ് 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രാധാകൃഷ്ണനെ വീണ്ടും ജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ തെളിവായി ജില്ലയിലെ തന്നെ ഉയർന്ന ഭൂരിപക്ഷത്തോടെയുള്ള അദ്ദേഹത്തിന്റെ വിജയം. യു.ഡി.എഫ് കോട്ടയായിരുന്ന ചേലക്കര സ്വന്തമാക്കാൻ ചേലക്കരക്കാരനായ യുവാവ് രാധാകൃഷ്ണനെ ആദ്യം ഇറക്കിയത് 1996ലായിരുന്നു.
2323 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് വിജയിച്ച രാധാകൃഷ്‌ണനെ കാത്തിരുന്നത് നായനാർ മന്ത്രിസഭയിലെ പിന്നാക്ക വിഭാഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പദമായിരുന്നു. പിന്നീട് 2001, 2006, 2011 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയിച്ച രാധാകൃഷ്ണൻ ചീഫ് വിപ്പ്, നിയമ സഭാ സ്പീക്കർ, എം.എൽ.എ പദവികളും അലങ്കരിച്ചു. ഇടത് തുടർഭരണം ഉറപ്പായ സ്ഥിതിക്ക് മന്ത്രിസഭയിലെ ഉന്നത സ്ഥാനം തന്നെയാണ് അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണനെ കാത്തിരിക്കുന്നത്.