തൃശൂർ: ജില്ലയിൽ സമ്പൂർണ വിജയം നേടി സി.പി.എമ്മും സി.പി.ഐയും. 13 മണ്ഡലങ്ങളിൽ ഏഴിടത്ത് സി.പി. എമ്മും അഞ്ചിടത്ത് സി.പി.ഐയും ആണ് മത്സരിച്ചത്. ചാലക്കുടിയാണ് ഘടക കക്ഷിയായ കേരള കോൺഗ്രസിന് (ജോസ് ) നൽകിയത്. അവിടെ മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, മണലൂർ, ഗുരുവായൂർ, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നിവിടങ്ങളിൽ ആണ് സി.പി.എം ജയിച്ചത്. ഒല്ലൂർ, നാട്ടിക, കൈപ്പമംഗലം, കൊടുങ്ങല്ലൂർ, തൃശൂർ എന്നിവിടങ്ങളിൽ ആണ് സി.പി. ഐ മത്സരിച്ചത്.
തിളക്കമായി വടക്കാഞ്ചേരി
സി.പി.എമ്മിന് കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി ഇത്തവണ തിരിച്ചു പിടിക്കാനായത് ഏറെ നേട്ടമായി. കഴിഞ്ഞ ഒന്നര വർഷമായി ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാരിനെയും പാർട്ടിയെയും മുൾമുനയിൽ നിർത്തിയ മണ്ഡലമായിരുന്നു. അതു കൊണ്ട് തന്നെ വടക്കഞ്ചേരിയിലെ വിജയം ഏറെ തിളക്കം ഉള്ളതായി. ജില്ലയിലെ നിയമ സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ചേലക്കരയിൽ കെ. രാധാകൃഷ്ണന്റെ വിജയം സി.പി.എമ്മിനെ സംബന്ധിച്ച് മികച്ചതായി. പുതുക്കാട് കഴിഞ്ഞ തവണ മന്ത്രി സി. രവീന്ദ്രന് ലഭിച്ച ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിലും തിളക്കമാർന്ന വിജയം തന്നെയായിരുന്നു കെ. കെ. രാമചന്ദ്രന്റേത്. മണലൂരിൽ മുരളി പെരുന്നെല്ലിയും ഗുരുവായൂരിൽ എൻ. കെ. അക്ബറും, ഇരിഞ്ഞാലക്കുടയിൽ ബിന്ദുവും കഴിഞ്ഞ തവണത്തെക്കാൾ പാർട്ടിക്ക് ഭൂരിപക്ഷം വർദ്ധിപ്പിച്ചാണ് ജയിച്ചു കയറിയത്. സി.പി.ഐയെ സംബന്ധിച്ചു സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രകടനം തന്നെയാണ് ജില്ലയിൽ കാഴ്ച്ച വെച്ചത്. ഒല്ലൂരിൽ കെ. രാജൻ തന്റെ ജനകീയത തെളിയിക്കുന്ന വിജയം ആണ് നേടിയത്. കഴിഞ്ഞ തവണത്തെക്കാൾ മികച്ച ഭൂരിപക്ഷം ആണ് ഇക്കുറി നേടിയത്. 21000 ത്തിനു മുകളിൽ ആണ് എതിർ സ്ഥാനാർത്ഥിയുമായുള്ള വ്യത്യാസം.
നാട്ടികയിൽ ഗീതാ ഗോപിക്ക് പകരം കൊണ്ടു വന്ന സി.സി. മുകുന്ദനും തന്റെ കന്നിയങ്കം കസറി. കഴിഞ്ഞ തവണ ഗീതാ ഗോപിക്ക് 26000 മുകളിൽ ആയിരുന്നു ഭൂരിപക്ഷമെങ്കിൽ അത് 28431 ആക്കി ഉയർത്തി. കൈപ്പമംഗലത്ത് ഭൂരിപക്ഷം അല്പം കുറഞ്ഞെങ്കിലും ടൈസൺ മാസ്റ്റർ കോട്ട കാത്തു. കൊടുങ്ങല്ലൂരിൽ സുനിൽ കുമാറിനും പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ സാധിച്ചു.