1
ചന്ദ്രൻ ചെങ്ങാലിക്കോടൻ വാഴത്തോട്ടത്തിൽ

വടക്കാഞ്ചേരി: ഓണവിപണി കൊഴുപ്പിക്കാൻ ചെങ്ങാലിക്കോടൻ വാഴക്കൃഷിയിറക്കി കാത്തിരിക്കയാണ് കർഷകർ. കൊവിഡ് മഹാമാരിയിലും ഓണം ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് ഈ വാഴകർഷകർ. വടക്കാഞ്ചേരിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി കർഷകരാണ് ഇത്തവണ വാഴക്കൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളത്.

നിറത്തിലും വലിപ്പത്തിലും ഗുണമേന്മയേറിയ ചെങ്ങാലിക്കോടൻ കായക്ക് സീസണിൽ ആവശ്യക്കാർ ഏറെയാണ്. മുണ്ടത്തിക്കോട് പാതിരിക്കോട്ട് കാവ് ക്ഷേത്രത്തിന് സമീപം വർഷങ്ങളായി ചെങ്ങാലിക്കോടൻ വാഴക്കൃഷി ഇറക്കുന്ന കർഷകനാണ് കല്ലായി വീട്ടിൽ ചന്ദ്രൻ. പ്രധാന ചെങ്ങാലിക്കോടൻ കർഷകരിൽ ഒരാളായ ചന്ദ്രൻ ഇക്കുറിയും നൂറുക്കണക്കിന് ചെങ്ങാലിക്കോടൻ വാഴക്കൃഷി ഇറക്കിയിട്ടുണ്ട്. 10 മാസം കൊണ്ട് വിളവെടുക്കാവുന്നതാണ് ചെങ്ങാലിക്കോടൻ വാഴക്കൃഷി.

കുന്നംകുളം, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുപോലും ഓണക്കാലത്ത് ചെങ്ങാലിക്കോടൻ കായക്കായി ആളുകളെത്താറുണ്ടെന്ന് കർഷകർ പറയുന്നു. ഓണനാളുകളിൽ മലയാളികളുടെ അടുക്കളകളിൽ പ്രഥമ സ്ഥാനിയായ ചെങ്ങാലിക്കോടന് ആവശ്യക്കാരും ഏറെയാണ്.