radhakrishnan
കെ. രാധാകൃഷണൻ കേരളകൗമുദിയിൽ വന്ന വാർത്ത വായിക്കുന്നു

ചേലക്കര: വാഗ്ദാനങ്ങൾ നൽകുന്നതിന് പകരം വികസനങ്ങൾ പരമാവധി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് താൻ മുൻ കാലങ്ങളിൽ ചെയ്തിട്ടുള്ളതെന്നും ആ ശൈലിയിലൂടെ നാട്ടിൽ പരമാവധി വികസനം നടപ്പാക്കുമെന്നും ചേലക്കര മണ്ഡലത്തിൽ നിന്നും അഞ്ചാം തവണയും തിരഞ്ഞെടുുക്കപ്പെട്ട കെ. രാധാകൃഷ്ണൻ പറഞ്ഞു. മുൻപ് കുറേ കാര്യങ്ങൾ മണ്ഡലത്തിൽ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന പ്രശ്നങ്ങൾ എന്തെന്നതിനെക്കുറിച്ചുള്ള പഠനം നടത്തുമെന്നും അവ പരിഹരിക്കാൻ നാട്ടുകാരുടെ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി അത്തരം കാര്യങ്ങൾ പൂർണ്ണതയിലെത്തിക്കാൻ വേണ്ട ഇടപെടലുകൾ നടത്തും. വൈദ്യുതിയും പാർപ്പിടവും ഇനിയും ലഭിക്കാത്തവർക്ക് അതിനുള്ള നടപടി കൈക്കൊള്ളും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിക്കും. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ഉത്പനങ്ങൾക്കുള്ള വിപണി സജ്ജമാക്കുന്നതിനും ഇടപെടലുകൾ നടത്തും. സ്പോർട്സ് രംഗത്തേയ്ക്ക് യുവാക്കളെ ആകർഷിക്കാൻ ഇടപെടും. ഉത്തരവാദിത്വ ബോധമുള്ള പുതു തലമുറയെ സൃഷ്ടിക്കുന്നതിനും അവരെ നേർവഴിക്ക് നയിക്കുന്നതിനും ചരിത്രത്തെക്കുറിച്ച് അവബോധം വരുത്തുന്നതിനുമുള്ള പദ്ധതികൾ തയ്യാറാക്കും. വിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകൾ കൊണ്ടുവരും. പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിച്ച് നവീന ആശയത്തിലൂടെ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കും. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. മണ്ഡലത്തിലെ ഒരോ സ്ഥലത്തെയും പ്രശ്നങ്ങൾ സമഗ്രമായി പരിശോധിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.