ചാവക്കാട്: കണ്ടെയ്ൻമെന്റ് സോണായ ചാവക്കാട് നഗരത്തിൽ ജനങ്ങളുടെ വൻതിരക്ക്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് നിരവധിപേർ പുറത്തിറങ്ങിയത്. ടൗണിൽ വാഹനങ്ങളുടെ തിരക്ക് കൂടിയതിനാൽ ഗതാഗതവും തടസ്സപ്പെട്ടു. നിരവധി പേരാണ് സാധനങ്ങൾ വാങ്ങിക്കാനായി ചാവക്കാട് നഗരത്തിലേക്ക് എത്തി പലചരക്ക് കടകളിലും പച്ചക്കറി കടകളിലും കൂട്ടം കൂടിയത്.
കണ്ടെയ്ൻമെന്റ് സോണിൽ കൂട്ടം കൂടരുതെന്ന വ്യവസ്ഥ കാറ്റിൽ പറത്തിയാണ് ആളുകൾ വലിയ രീതിയിൽ കടകളിൽ എത്തിയത്. കൊവിഡ് പൊസിറ്റീവ് നിരക്ക് വർധിച്ച സാഹചര്യത്തിലാണ് ചാവക്കാട് നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ ഇതിന് വിപരീതമായാണ് ടൗണിൽ വൻ തിരക്ക് അനുഭവപ്പെട്ടത്. തുടർന്ന് ചാവക്കാട് പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ആളുകൾ കൂട്ടംകൂടിയതിനാൽ നഗരസഭയ്ക്ക് അടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യവിഭാഗം ചേർന്ന് അടപ്പിച്ചു. സാധനങ്ങൾ വാങ്ങാൻ അതാത് പ്രദേശത്തെ കടകളെ ആശ്രയിക്കാതെ ചാവക്കാട് നഗരത്തിൽ എത്തിയതാണ് വലിയ തിരക്ക് അനുഭവപ്പെടാൻ കാരണം എന്ന് പൊലീസ് അറിയിച്ചു.