തൃശൂർ: പെരിങ്ങോട്ടുകരയിൽ വച്ച് ഒരു വർഷം മുമ്പ് 108 ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നഴ്‌സ് ഡോണയുടെ ഓർമ ദിനത്തോട് അനുബന്ധിച്ച് കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി. ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടത്താനിരുന്ന ചടങ്ങുകൾ ഒഴിവാക്കി ആ തുക കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കുടുംബം മാറ്റിവയ്ക്കുകയായിരുന്നു.
ഡോണയുടെ പിതാവ് താണിക്കൽ ചമ്മണത്ത് വർഗീസും സഹോദരൻ വിറ്റോയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കളക്ടർ എസ്. ഷാനവാസിന് കൈമാറി. കഴിഞ്ഞ മേയ് നാലിനാണ് അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പോകുന്ന വഴി 108 ആംബുലൻസ് മറിഞ്ഞ് പെരിങ്ങോട്ടുകര സ്വദേശിനി ഡോണ മരിച്ചത്.
അന്തിക്കാട് ആശുപത്രിയിൽ മെഡിക്കൽ ടെക്‌നീഷ്യയായിരുന്നു. പെരിങ്ങോട്ടുകരയിലെ സ്വകാര്യ ഡയാലിസിസ് യൂണിറ്റിനും കുടുംബം തുക സംഭാവന ചെയ്തു. അസി. കളക്ടർ സുസിയാൻ അഹമ്മദ്, ഡി.പി.എം ഡോ. ടി.വി. സതീശൻ എന്നിവർ സന്നിഹിതരായിരുന്നു.