ചാലക്കുടി : അപ്രതീക്ഷിത തോൽവിയുടെ നിരാശയിലാണ് ചാലക്കുടിയിലെ എൽ.ഡി.എഫ് നേതൃത്വം. ബി.ജെ.പി വോട്ട് യു.ഡി.എഫിന് കിട്ടിയാലും നാലായിരത്തോളം ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നിസ് കെ. ആന്റണി ജയിച്ചു കയറുമെന്നായിരുന്നു വിശ്വാസം.

പക്ഷേ പുറത്തുവന്ന ഫലം നേതൃത്വത്തെ ഞെട്ടിച്ചു. അതേസമയം എൻ.ഡി.എയുടെ 8,928 വോട്ടുകൾ യു.ഡി.എഫിന് മറിച്ചുവെന്ന് മുൻ എം.എൽ.എ ബി.ഡി ദേവസി തന്നെ ആരോപിച്ചു. എങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സംഘടനാ തലത്തിൽ ഉണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി നഗരസഭയിൽ യു.ഡി.എഫിന് മൂവായിരത്തിന്റെ ലീഡ് ഉണ്ടായാലും പഞ്ചായത്തുകളിലെ വോട്ടുകളിലൂടെ അത് മറികടക്കാമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. പക്ഷേ പഞ്ചായത്തുകളിൽ പ്രതീക്ഷകൾ മങ്ങി. 3,699 അധികം വോട്ടുകൾ നഗരസഭയിൽ യു.ഡി.എഫ് സമ്പാദിച്ചപ്പോൾ പ്രതീക്ഷിച്ച ലീഡ് കൊടകരയിൽ ഉണ്ടായില്ല. പരിയാരം, കോടശേരി പഞ്ചായത്തുകളിൽ പിന്നിലായി.

എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ച തൃശൂരിൽ 12 സീറ്റ് സ്വന്തമാക്കിയിട്ടും കഴിഞ്ഞ മൂന്നു വട്ടവും ചുവന്നു നിന്ന ചാലക്കുടി അടിയറവ് വച്ചതിന് സി.പി.എം നേതൃത്വം മേൽഘടകത്തിന് തൃപ്തികരമായ മറുപടി നൽകേണ്ടി വരും. 3134 വോട്ടിന്റെ ഭൂരിപക്ഷമാണ് നഗരസഭയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥി സ്വന്തമാക്കിയത്.

പരിയാരം പഞ്ചായത്തും മുന്നണിയെ തുണച്ചു. എൽ.ഡി.എഫ് ആയിരം വോട്ടുകൾ പ്രതീക്ഷിച്ചിരുന്ന ഇവിടെ 1,030 വോട്ടുകളാണ്. ലീഡ് നേടിയതാകട്ടെ യു.ഡി.എഫും. കാടുകുറ്റി പഞ്ചായത്തിലും ചെറിയ ഭൂരിപക്ഷം സനീഷിനായിരുന്നു.

രണ്ടായിരത്തിന്റെ മേൽക്കൈ പ്രതീക്ഷിച്ചെങ്കിലും 406 അധികം വോട്ടുകൾ കിട്ടി. കോടശേരിയിലെ 314 ലീഡും അവർക്ക് അനുകൂലമായി. ഇവിടെ എൽ.ഡി.എഫ് ആയിരം വോട്ടുകൾ ലീഡുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എൽ.ഡിഎഫിന് തുണയ്ക്കാറുള്ള മേലൂരിലെ ലീഡ് 765ൽ ഒതുങ്ങി. കൊടകരയിലെ ഭൂരിപക്ഷം 1402ൽ തളച്ചിട്ടതും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണിക്ക് പ്രതികൂലമായി.

കൊരട്ടിയിൽ രണ്ടായിരം ലീഡ് പ്രതീക്ഷിച്ച ഇടതിന് കിട്ടിയത് 1345ന്റെ മേൽക്കൈ. കണക്കുക്കൂട്ടലുകൾ തെറ്റിക്കാതിരുന്നത് അതിരപ്പിള്ളി മാത്രമാണ്. ഇവിടെ 436 വോട്ടുകൾ അധികം നൽകി.

യു.ഡി.എഫിന് പത്തരമാറ്റിന്റെ തിളക്കം

പതിനഞ്ച് വർഷത്തിന് ശേഷം ചാലക്കുടി മണ്ഡലം തിരിച്ചു പിടിച്ചതിന്റെ ആശ്വാസത്തിലും ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് നേതൃത്വം. 1057 വോട്ടിന്റെ ഭൂരിപക്ഷമാണെങ്കിലും ഈ വിജയത്തിന് പത്തരമാറ്റത്തിന്റെ തിളക്കമുണ്ടെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുന്നു. 2016ൽ ബി.ഡി ദേവസി നേടിയ 27,000ന്റെ ഭൂരിപക്ഷത്തെയാണ് സനീഷ് കുമാർ മറികടന്നത്. എൽ.ഡി.എഫിൽ നിന്നും റെക്കാഡ് ഭൂരിപക്ഷത്തിൽ നഗരസഭ ഭരണം പിടിച്ചെടുത്ത യു.ഡി.എഫിന് സ്വന്തമായി എം.എൽ.എ കൂടി ഉണ്ടാകുന്നത് ഇരട്ടി മധുരമായി. എം.പി, എം.എൽ.എ, നഗരസഭ ഭരണം എന്നിവയെല്ലാം കോൺഗ്രസിന്റേതായി മാറി.