mmmm
നാട്ടുകാരും തളിക്കുളം അനിമൽ കെയർ സൊസൈറ്റിയും ചേർന്ന് തെരുവുനായയെ പരിചരിക്കുന്നു

അന്തിക്കാട്: അപകടത്തിൽപ്പെട്ട് വലത് കാലും തോളെല്ലും തകർന്ന തെരുവ് നായയ്ക്ക് നാട്ടുകാരും തളിക്കുളം അനിമൽ കെയർ സൊസൈറ്റിയും രക്ഷകരായി. അന്തിക്കാട് ആൽ സെന്ററിലെ ജുഗ്ര എന്ന നാല് വയസുള്ള തെരുവ് നായയ്ക്കാണ് നാട്ടുകാരുടെ കനിവിൽ തണലൊരുങ്ങിയത്. അപകടത്തിൽ വലത് കാലിന്റെ രണ്ട് ഭാഗങ്ങളിലെ എല്ല് ഒടിഞ്ഞിട്ടുണ്ട്. രക്ഷാ പ്രവർത്തകരെത്തി കുത്തിവയ്പ് എടുക്കുകയും പ്ലാസ്റ്റർ ഇടുകയും ചെയ്തു. ശരീരത്തിന്റെ പലയിടങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

സംഭവം നടന്ന ഉടൻ നാട്ടുകാർ മൃഗസ്‌നേഹിയായ അന്തിക്കാട് കല്ലിടവഴി സ്വദേശി പി.വി. അശോകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ പി.ആർ. രമേഷ്, കെ.കെ. ശൈലേഷ്, അജിത്ത്കുമാർ ഏങ്ങണ്ടിയൂർ, സത്യൻ വാക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളെടുത്താണ് നായയ്ക്ക് ചികിത്സ നൽകിയത്.

മൂന്നാഴ്ചയോടെ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. ഒരു വർഷം മുമ്പ് ജുഗ്രനെ ചില സാമൂഹിക ദ്രോഹികൾ ചേർന്ന് കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അന്ന് മുറിവിൽ പുഴുവരിച്ച് കിടന്നിരുന്ന നായയെ പി.വി അശോകന്റെ നേതൃത്വത്തിൽ ഒരു പറ്റം മൃഗ സ്നേഹികളാണ് മണ്ണുത്തി വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയത്.

ലോക്‌ഡൗണിന് സമാനമായ നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളിലേതു പോലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം ഉറപ്പ് വരുത്താൻ ആവശ്യമായ കരുതൽ ഉണ്ടാകണം.

- പി.വി. അശോകൻ