വടക്കാഞ്ചേരി: നിർമ്മാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ റോഡപകടങ്ങൾ നിത്യസംഭവമാകുന്നു. ഇന്നലെ വടക്കാഞ്ചേരി റെയിൽവെ മേൽപ്പാലത്തിന് സമീപം വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം ഉണ്ടായി. തൃശൂർ ഭാഗത്തേക്കു് പോയിരുന്ന ബലേറൊ പിക്കപ്പ് വാൻ റോഡിൽ നിന്നും തെന്നി മാറിനിയന്ത്രണം വിട്ട് റോഡിന്റെ ഓരത്ത് സ്ഥാപിച്ചിരുന്ന സുരക്ഷ കുറ്റിയിൽ ഇടിച്ചു നിന്നു. എ.ടി.എമ്മിൽ പണം നിറക്കാനായി വന്ന സ്വകാര്യ വാഹനം വീടിന്റെ മതിൽ ഇടിച്ചു തകർത്തു. പാതി നിർമ്മാണത്തിലുള്ള റോഡിന്റെ നിരപ്പ് വ്യത്യാസമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. വേനൽ മഴ പെയ്തതോടെ വാഹനം നിയന്ത്രണം വിട്ട് കഴിഞ്ഞ ദിവസം പത്താം കല്ലിലും അപകടം സംഭവിച്ചിരുന്നു.