കൊടുങ്ങല്ലൂർ: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണവുമായി കൊടുങ്ങല്ലൂർ പൊലീസ് രംഗത്ത്. അനാവശ്യമായി റോഡിലിറങ്ങുന്നവരെ കൈയ്യോടെ പിടികൂടാൻ മൂന്നിടത്ത് താത്കാലിക ചെക്ക് പോസ്റ്റുകൾ ഒരുക്കി.

എടവിലങ്ങ് വില്ലേജ് ഓഫീസിനരികിലും, ചന്തപ്പുര, ചാപ്പാറ പാതയോരങ്ങളിലുമാണ് ഇന്നലെ ഉച്ചമുതൽ ചെക്കിംഗ് ആരംഭിച്ചത്. ബൈക്കിൽ ഒന്നിൽ കൂടുതൽ തവണ സഞ്ചരിക്കുന്ന ആളുകളെ പിടികൂടി പിഴ അടപ്പിച്ചു. രണ്ട് ബൈക്കുകൾ കസ്റ്റഡിയിലെടുക്കുകയും വാഹന ഉടമകൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

അവശ്യ സർവീസുകൾക്ക് മാത്രം യാത്ര ചെയ്യാൻ അനുമതി നൽകി. മേഖലയിലെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് സമയം ക്രമീകരിച്ചിരുന്നു.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദമില്ലാത്തതിനാൽ ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തി. ഓട്ടോ, ടാക്‌സി വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. വിരലിലെണ്ണാവുന്ന ചരക്ക് വാഹനങ്ങൾ മാത്രം സർവീസ് നടത്തി.

കോട്ടപ്പുറം മാർക്കറ്റിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും കഴിയുന്നത്ര പുലർത്തുന്നുണ്ടെങ്കിലും തുടരെയുണ്ടാകുന്ന മരണ നിരക്കുകൾ ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്.