കൊടുങ്ങല്ലൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ട് പോയ വഴികൾ തേടുകയാണ് മുന്നണികൾ. കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലങ്ങളിൽ ഏറെ പരിക്ക് പറ്റിയത് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്കാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 4,589 വോട്ടിന്റെ കുറവാണ് എൻ.ഡി.എയ്ക്ക് സംഭവിച്ചത്.
2016ൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥ് 32,793 വോട്ട് നേടിയിരുന്നു. എന്നാൽ ഇക്കുറി മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളത്തിന് 28,204 വോട്ട് മാത്രമെ നേടാൻ കഴിഞ്ഞുള്ളു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ നഗരസഭയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നിലനിറുത്താനായില്ല.
എൽ.ഡി.എഫും, യു.ഡി.എഫും ഇവിടെ തങ്ങളുടെ വോട്ട് വർദ്ധിപ്പിക്കുകയും ചെയ്തു. കയ്പമംഗലം മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്ഥിതി അത്യന്തം ദയനീയമാണ്. 2016ൽ 30,041 വോട്ടുണ്ടായിരുന്ന എൻ.ഡി.എയ്ക്ക് ഇക്കുറി 9,067 വോട്ട് മാത്രമാണ് ലഭിച്ചത്. പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ വോട്ട് ചോർന്നതെങ്ങനെയെന്ന ചോദ്യത്തിന് നേതൃത്വം മറുപടി പറയേണ്ടി വരും. എൽ.ഡി.എഫും യു.ഡി.എഫും കയ്പമംഗലത്ത് വോട്ട് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കയ്പമംഗലത്ത് ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് മറിച്ചുവെന്ന ഗുരുതര ആരോപണവുമായി എൽ.ഡി.എഫ് രംഗത്ത് വന്നിട്ടുണ്ട്.