കയ്പമംഗലം: ദേശീയ പാത 66 കയ്പമംഗലം പന്ത്രണ്ടിൽ സ്‌കൂട്ടറിന് പിറകിൽ മറ്റൊരു സ്‌കൂട്ടറിടിച്ച് യുവതികൾക്ക് പരിക്ക്. പെരിഞ്ഞനം പൊൻമാനിക്കുടം മനപ്പാട്ട് അശോകൻ ഭാര്യ സന്ധ്യ (35), കയ്പമംഗലം വന്നേക്കാരൻ റിയാസ് ഭാര്യ സബീന (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറിന് കയ്പമംഗലം പന്ത്രണ്ടിൽ വച്ച് സബീന ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിറകിൽ സന്ധ്യ ഓടിച്ചിരുന്ന സ്‌കൂട്ടർ തട്ടിയാണ് അപകടം സംഭവിച്ചത്. രണ്ടുപേരും നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കയ്പമംഗലം ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.