beverage

തൃശൂർ: കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ വിദേശ മദ്യശാലകൾക്ക് താഴുവീണതോടെ ജില്ലയിൽ വ്യാജ വാറ്റും മദ്യക്കടത്തും വ്യാപകമാകുന്നു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമെത്തുന്ന വ്യാജ മദ്യമാണ് കേരളത്തിൽ വിറ്റഴിക്കുന്നതിലേറെയും. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മദ്യമെത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾ വ്യാപകമാണ്. തമിഴ്‌നാട്ടിൽ നിന്ന് പാലക്കാട് വഴി ദേശീയ പാതയിലൂടെ തൃശൂരിലേക്കാണ് മദ്യമെത്തുന്നത്.


ജില്ലയിൽ ചില്ലറ മദ്യവിൽപ്പനക്കാർക്ക് മദ്യം ലഭിക്കുന്നത് ഈ ശൃംഖല വഴിയാണെന്നാണ് എക്‌സൈസ് നിഗമനം. ലിറ്ററിന് 100 ഉം 50 ഉം രൂപ അധികം ഈടാക്കിയാണ് ഇവർ ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നത്. ഊടുവഴികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ വിൽപ്പന. കൂടാതെ ആളൊഴിഞ്ഞ പ്രദേശങ്ങളിലായി വ്യാജ വാറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും എക്‌സൈസ് പറയുന്നു.

പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്

വിദേശമദ്യ വിൽപ്പന കേന്ദ്രങ്ങളും ബാറുകളും അടഞ്ഞുകിടക്കുമ്പോഴും ജില്ലയിൽ വിദേശമദ്യവും നാടൻ മദ്യവും സുലഭമാകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കി. ചൊവ്വാഴ്ച ഇത്തരത്തിൽ മൂന്നിടത്ത് നടത്തിയ പരിശോധനകളിൽ പിടികൂടിയത് 250 ലിറ്ററിലേറെ വിദേശ മദ്യമാണ്. തമിഴ്‌നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണ് പിടികൂടിയവയിൽ അധികവും.


വിദേശ മദ്യ ശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മദ്യം എത്താനുള്ള സാദ്ധ്യതകൾ കണക്കിലെടുത്ത് എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. എക്‌സൈസ് ഇന്റലിജൻസും ഷാഡോ പൊലീസും സദാ ജാഗരൂകരാണ്.

കെ.എസ് ഷാജി

(എക്‌സൈസ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, തൃശൂർ)