തൃശൂർ: രാവിലെയുള്ള ഗുരുവായൂർ - പുനലൂർ പ്രത്യേക എക്‌സ്പ്രസ് ട്രെയിൻ താത്കാലികമായി റദ്ദാക്കാനുള്ള റെയിൽവേയുടെ തീരുമാനം മൂലം യാത്രകാർ ദുരിതത്തിൽ. നിലവിൽ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനിൽ രാവിലെ എറണാകുളം ഭാഗത്തേക്ക് പോയി വൈകീട്ടത്തെ എറണാകുളം - ഷൊർണൂർ മെമുവിൽ മടങ്ങുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധി സീസൺ ടിക്കറ്റ് യാത്രക്കാർ ഇതോടെ വെട്ടിലായി.

നേരത്തെ സാധാരണ ട്രെയിനുകൾ ഇല്ലാതിരുന്ന അവസരത്തിൽ ടെമ്പോയും ബസും വാടകയ്‌ക്കെടുത്ത് പോയിരുന്നവർ കുറഞ്ഞ ചെലവിൽ തീവണ്ടി യാത്ര സാദ്ധ്യമായതോടെ തിരിച്ച് വന്നിരുന്നു. അവശ്യ സേവനങ്ങളടക്കം അനുവദനീയമായ മേഖലകളിൽ ജോലി ചെയ്യുന്ന അവർക്ക് ഈ തീരുമാനം ഇരുട്ടടിയാണ്.

യാത്രക്കാരുടെ സൗകര്യാർത്ഥം നിലവിൽ പുലർച്ചെ 3.30ന് ഷൊർണൂരിൽ നിന്നും പുറപ്പെടുന്ന ഷൊർണൂർ - എറണാകുളം മെമു 5.30ന് പുറപ്പെടുന്ന വിധം ക്രമീകരിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.