അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിൽ അധികൃതർ അടച്ചു പൂട്ടിയ കണ്ടെയ്‌ൻമെന്റ് സോണുകളിലെ റോഡുകൾ അനധികൃതമായി തുറന്നത് തൃശൂർ താലൂക്ക് ക്ലസ്റ്റർ സെക്ടറൽ മജിസ്‌ട്രേട്ട് കെ.ആർ. സുധീറിന്റെ നേതൃത്വത്തിൽ വീണ്ടും അടച്ചു പൂട്ടി. ബുധനാഴ്ച രാവിലെ മജിസ്‌ട്രേട്ട് നടത്തിയ പരിശോധനയിലാണ് റോഡുകൾ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമനെ വിളിച്ചു വരുത്തിയാണ് റോഡുകൾ അടപ്പിച്ചത്.
കൊവിഡ് വ്യാപനം ദിനം പ്രതി രൂക്ഷമാകുന്ന സാഹര്യത്തിൽ ജില്ലാ കളക്ടറുടെ മറ്റൊരു ഉത്തരവ് വരുന്നത് വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച അന്തിക്കാട്ടെ രണ്ട് പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാനപങ്ങൾക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളെല്ലാം നിയമം കർശനമായി പാലിക്കുമ്പോഴും ഒട്ടും ഉത്തരവാദിത്വമില്ലാതെ നിരവധി പേർ വാഹനങ്ങളുമായി റോഡിലിറങ്ങി കറങ്ങി നടക്കുന്നതായും ഇതിനെതിരെ പൊലീസ് നടപടികളുണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വീണ്ടും തുറന്ന ഉൾപ്രദേശത്തെ റോഡുകളുൾപ്പടെ ആർ.ആർ.ടിമാരുടെയും വാർഡ് അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ അടച്ചു പൂട്ടുമെന്നും നാട്ടുകാർ സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമൻ അഭ്യർത്ഥിച്ചു. അന്തിക്കാട് പുത്തൻകോവിലകം, കല്ലിട വഴി റോഡുകൾ ബുധനാഴ്ച ഉച്ചയോടെ വീണ്ടും അടച്ചു പൂട്ടി. ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് ബുധനാഴ്ച കരുതൽ നടപടികളുണ്ടായത്. വരും ദിവസങ്ങളിലും ഇത്തരം നടപടികൾ തുടരും. കണ്ടെയ്‌ൻമെന്റ് സോൺ നിലനിൽക്കുന്ന പ്രദേശങ്ങളിലെ ഹോട്ടലുകൾ രാവിലെ മുതൽ രാത്രി ഒമ്പത് വരെ പാർസൽ നൽകുന്നതിന് വേണ്ടി മാത്രം തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാകളക്ടർ അനുമതി നൽകിയിട്ടുണ്ടെന്ന് സെക്ടറൽ മജിസ്‌ട്രേട്ട് കെ.ആർ. സുധീർ പറഞ്ഞു.