തൃശൂർ: തിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞു. വിജയത്തിന്റെ ആഹ്ളാദാരവങ്ങൾക്ക് തടയിട്ട് ചുറ്റിലും കൊവിഡിന്റെ നിഴൽ പരന്നിരിക്കുന്നു. പക്ഷേ അടുത്ത പൂരത്തിന് മുമ്പേ ജനപ്രതിനിധികൾക്ക് വികസനത്തിന്റെ അരങ്ങൊരുക്കേണ്ടതുണ്ട്. വികസനത്തിടമ്പിലേറിയാലേ കൊമ്പന്റെ തലയെടുപ്പോടെ അടുത്ത പൂരത്തിന് എഴുന്നള്ളാനാവൂ. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ ഏക്കം കുറഞ്ഞ് കെട്ടുംതറിയിൽ തറഞ്ഞ് പൂരപ്പറമ്പിൽ നിന്ന് ദൂരെ മാറി നിൽക്കേണ്ടി വരും. അതിനാൽ വിളിക്കുമ്പോഴേ നിരവധി വികസന സ്വപ്നങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എൽ.എമാർക്കും പറയാനുള്ളത്. അവരുടെ വികസന കണക്കുകളിൽ പരിഗണനകളിൽ മുഖ്യസ്ഥാനം പിടിക്കുക ഏത് വിഷയങ്ങൾക്കാകും. അവർ നേരിട്ട് കേരള കൗമുദിയുമായി വിഷയങ്ങൾ പങ്കുവെക്കുന്നു.
മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന തീരദേശം കോൾ കർഷകരും കർഷക തൊഴിലാളികളും ചെത്തു തൊഴിലാളികളും ഉള്ള മേഖല, ഫർണിച്ചർ തൊഴിലാളികളും ഓട്ടു കമ്പനി തൊഴിലാളികളും സ്വർണാഭരണ നിർമാണ തൊഴിലാളികളും ഉള്ള മേഖല എന്നിങ്ങനെ മൂന്നു മേഖലയിലെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കും
പാവപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ പരിശ്രമം നടത്തും.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കായൽ ടൂറിസം നടപ്പിലാക്കാൻ ശ്രദ്ധിക്കും.
ആറാട്ടുപുഴ പെരുവനം തിരുവുള്ളക്കാവ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ക്ഷേത്ര കലാ പരിശീലന കേന്ദ്രവും സാംസ്കാരിക വിനോദ സഞ്ചാര ഹബ്ബും ഉണ്ടാക്കും.
കോൾ നിലങ്ങളിൽ ഇരുപ്പൂ കൃഷി വ്യാപകമാക്കാൻ ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കാനും പുതിയവ കണ്ടെത്താനും മുൻഗണന നൽകും.
തീരദേശ മേഖലയിലെ പ്രധാന ആശുപത്രിയായ വലപ്പാട്, ചേർപ്പ് ആശുപത്രികളെ പുനലൂർ - വൈക്കം താലൂക്ക് ആശുപത്രി മാതൃകയിൽ പൊതുജന പങ്കാളിത്തത്തോടെയും മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റും.
ഫർണീച്ചർ നിർമ്മാണ വ്യാപാര മേഖലയിൽ കൂടുതൽ യുവാക്കൾക്ക് തൊഴിലവസരവും നമുക്ക് തനതായ ഒരു ബ്രാൻഡും ഉണ്ടാക്കാവുന്ന വിധത്തിൽ പദ്ധതിയുണ്ടാക്കും.