വരന്തരപ്പിള്ളി: പാലപ്പിള്ളി കാരികുളത്ത് ആട്ടുപാലത്തിൽ നിന്ന് പുഴയിൽ വീണ് ബൈക്ക് യാത്രക്കാരനായ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. കാരികുളം വീട്ടിക്കുന്നത്ത് സാദത്തിന്(49) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. കാലിന് പരിക്കേറ്റ ഇയാൾ കാരികുളത്തുള്ള ഹാരിസൺ കമ്പനി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.
ഹാരിസൺ കമ്പനിയുടെ എലിക്കോട് ഭാഗത്തുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുറുമാലിപ്പുഴയ്ക്ക് കുറുകെയുള്ള ആട്ടുപാലത്തിലൂടെ ബൈക്കിൽ പോകുന്നതിനിടെ പാലത്തിന്റെ മദ്ധ്യത്തിലെത്തിയപ്പോൾ ഇയാൾ ബൈക്കുമായി പുഴയിൽ വീഴുകയായിരുന്നു. 25 അടിയോളം താഴ്ചയിലേക്കാണ് വീണത്.

പുഴയിൽ വെള്ളം കുറവായിരുന്നെങ്കിലും സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടവിൽ ഉണ്ടായിരുന്ന നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആട്ടുപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഒരു ഭാഗത്തെ ഇരുമ്പ് വടം ഘടിപ്പിച്ചിരുന്നില്ല. ഇതാണ്‌ ബൈക്ക് മറിയാൻ ഇടയാക്കിയത്.