കൊരട്ടി: പഞ്ചായത്തിനെ മാലിന്യവിമുക്തമാക്കുന്നതിന് ആവിഷ്‌കരിച്ച ഗ്രീൻ കൊരട്ടി, കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പാതയോരങ്ങളിലും, പൊതു ഇടങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും, ചില്ല് കുപ്പികളും പൊതുജനങ്ങൾക്ക് നിക്ഷേപിക്കും വിധമാണ് ബൂത്തുക്കൾ സ്ഥാപിച്ചത്.

പഞ്ചായത്തിൽ 25 ഇടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ ഒരുക്കി. വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 1.50 ലക്ഷം രൂപ ഇതിനു ചെലവഴിച്ചു. ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷയായി.

പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. കെ.ആർ. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ചാക്കപ്പൻ വെളിയത്ത് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ മേൽനോട്ടത്തിൽ പഞ്ചായത്ത് പുതിയതായി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് ബോട്ടിലുകൾ മാറ്റുകയും പിന്നീട് പെല്ലറ്റാക്കി മാറ്റി ഗ്രീൻ കേരളയ്ക്ക് കൈമാറുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.