പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അടിയന്തര യോഗം ചേർന്നു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനായി കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

മുല്ലശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് ടെസ്റ്റ് നടത്തുകയും അതുവഴി രോഗികളായ കൂടുതൽ പേരെ കണ്ടെത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ഊരകം എ.യു.പി സ്‌കൂളിൽ ഇന്ന് ടെസ്റ്റ് നടത്തുകയും തുടർന്ന് പെരുവല്ലൂർ അംബേദ്കർ മിനി കമ്മ്യൂണിറ്റി ഹാൾ, മുല്ലശ്ശേരി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പിന്നീടുള്ള ദിവസങ്ങളിൽ റാണ്ടം ടെസ്റ്റ് നടത്തും.


കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനും വിവിധ പ്രദേശങ്ങളിൽ ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്താനും വാർഡ് തല ആർ.ആർ.ടികളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും പൊലീസിന്റെ നിരീക്ഷണം വ്യാപിപ്പിക്കാനും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായി. എല്ലാവരും നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അടച്ചുപൂട്ടൽ കാലാവധി ഇനിയും നീട്ടേണ്ടിവരുമെന്ന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ പറഞ്ഞു.


ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് പി.കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ, പൊലീസ് സബ് ഇൻസ്‌പെക്ടർ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, ഡോ.സജീദാ ബീഗം, കെ.ജി.ഗോപിനാഥൻ, ബീന, മുഹമ്മദ് ഫൈസൽ, വേണുഗോപാൽ, സുജീഷ് എന്നിവർ പങ്കെടുത്തു.