തൃശൂർ: സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ കോർപറേഷൻ കൗൺസിലർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഹെൽത്ത് സെന്ററിലെ സൈക്യാട്രി വിഭാഗത്തിലെ സീനിയർ ഡോക്ടറായ ഡോ.ശാഗിന ഒ.പി പരിശോധന നടത്തുമ്പോൾ കൊവിഡ് മാനദണ്ഡൾ ലംഘിച്ച് തടഞ്ഞു നിറുത്തി അസഭ്യം വിളിച്ചതിനും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതുമാണ് കേസ്. തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോർപറേഷൻ കാര്യാട്ടുകര ഡിവിഷൻ കൗൺസിലറായ ലാലി ജയിംസിന്റെ (49) മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ വെക്കേഷൻ ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്.

2021 മാർച്ച് 20ന് രാവിലെ 10.05 നാണ് കേസിനാസ്പദമായ സംഭവം. മാനസികരോഗിയായ ഒരു വ്യക്തിയെ ഉടൻ അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൗൺസിലർ ആശുപത്രിയുടെ ഒ.പി റൂമിൽ ബഹളംവയ്ക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കതെ എക്‌സിറ്റ് ഡോർ വഴി ഡോക്ടറുടെ അടുത്ത് വന്ന് അസഭ്യം പറയുകയും തട്ടിക്കയറുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഡോക്ടറുടെ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു, അഡ്വ. എ. ദേവദാസ് എന്നിവർ ഹാജരായി.