കൊടുങ്ങല്ലൂർ: വിഷുവിന് പിന്നാലെ റംസാൻ വിപണിയെയും കൊവിഡ് കവർന്നതോടെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. റംസാൻ സീസൺ ലക്ഷ്യമിട്ട് വായ്പയെടുത്തും കടം വാങ്ങിയും വ്യാപാരികൾ സാധനങ്ങൾ സ്റ്റോക്ക് ചെയ്തതിനിടയിലാണ് ഇടിത്തീ പോലെ കൊവിഡ് നിയന്ത്രണങ്ങളും ലോക്ഡൗൺ പ്രഖ്യാപനവും ഉണ്ടായത്.
ടെക്സ്റ്റൈൽസ്, റെഡിമെയ്ഡ്സ്, ഫുട്‌വെയർ, ഫാൻസി തുടങ്ങിയ മേഖലയിലെ വ്യാപാരികളാണ് ലോക്ഡൗൺ പ്രഖ്യാപനത്തിൽ കൂടുതലായും ബുദ്ധിമുട്ടിലാകുക. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തെ തുടർന്ന് റംസാൻ, ബക്രീദ്, ഓണം, വിഷു, ക്രിസ്മസ് സീസണുകളിലെ കച്ചവടം വ്യാപാരികൾക്ക് പൂർണമായും നഷ്ടപ്പെട്ടിരുന്നു. പിന്നീട് ജനജീവിതം സാധാരണ ഗതിയിലായതോടെ റംസാൻ ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ ഉത്പന്നങ്ങൾ മാർക്കറ്റിലെത്തിച്ചിരുന്നു.
ഈ മാസം 16 വരെ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ റംസാൻ വിപണിയുടെ കാര്യവും പരുങ്ങലിലാണ്. സ്റ്റോക്ക് ചെയ്തിട്ടുള്ള വസ്തുക്കൾ സീസൺ അവസാനിക്കുന്നതോടെ വിൽപ്പന യോഗ്യമല്ലാതായിത്തീരുന്ന സ്ഥിതിയാണുള്ളത്. ഇതര വ്യാപാര മേഖലയും സമാനമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
കൊവിഡ് നിയന്ത്രണം പാലിച്ച് എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ സാഹചര്യമൊരുക്കണം. ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. വായ്പയുടെ മൊറട്ടോറിയ കാലയളവിലെ പലിശ ഒഴിവാക്കണം തുടങ്ങിയ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണം.
എൻ.ആർ വിനോദ് കുമാർ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ജില്ലാ ജനറൽ സെക്രട്ടറി