കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് എറിയാട് പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു. ആഴ്ചയിൽ ഒരു ദിവസം മാത്രമുള്ള ആന്റിജൻ ടെസ്റ്റ് മൂലം കൃത്യമായ രോഗ നിർണ്ണയം സാദ്ധ്യമാകുന്നില്ല. എല്ലാ ദിവസവും ടെസ്റ്റ് നടത്തുന്നതു വഴി രോഗിയെ കണ്ടെത്താനും രോഗവ്യാപനം ഫലപ്രദമായി തടയാനും സാധിക്കും.
കൊവിഡ് രൂക്ഷമായ ഒന്നാം ഘട്ടത്തിൽ 17 ദിവസം തുടർച്ചയായി പഞ്ചായത്തിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇതേ മാതൃക പിന്തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് അരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ പി.കെ മുഹമ്മദ്, പി.എച്ച് നാസർ, കെ.എസ് രാജീവൻ, കെ.എം സാദത്ത്, ലൈല സേവ്യർ, നജ്മ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.