തൃശൂർ: കൊവിഡ് പൊസിറ്റീവ് കേസുകൾ ഉയരുന്നതിനിടെ ആശങ്ക പടർത്തി മരണ നിരക്കും കുത്തനെ ഉയരുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ജില്ല നീങ്ങുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 56 പേർ മരിച്ചു.
ഒരു മാസത്തിനുള്ളിൽ 86 മരണം വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയേറെ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യം. തിരഞ്ഞെടുപ്പിന് ശേഷമാണ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഇത്ര വർദ്ധനവ് ഉണ്ടായത്. ഏപ്രിൽ മാസത്തിൽ 79 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലെ മരണങ്ങൾ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്താതെ മറച്ചു വയ്ക്കുന്നതായും ആരോപണമുണ്ട്.
മെഡിക്കൽ കോളേജിൽ മാത്രം ദിവസവും 15ന് മേലെ ആളുകൾ മരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മേയ് ഒന്നിന് മാത്രം ഔദ്യോഗിക കണക്ക് പ്രകാരം 21 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിനിടെ ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 33 ശതമാനം വരെയെത്തി. ശ്മശാനങ്ങളിൽ സംസ്‌കരിക്കുന്നതിന് കാത്തുനിൽക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
ആറ് ദിവസം 21,520 രോഗികൾ
ആറ് ദിവസത്തിൽ 21,520 പുതിയ പൊസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 76,324 പേരെ പരിശോധിച്ചതിലാണ് ഇത്ര പൊസിറ്റീവ് കേസുകൾ. ഇതിൽ ഒരു ദിവസം മാത്രമാണ് മൂവായിരത്തിൽ താഴെ രോഗികളുടെ എണ്ണം വന്നത്. അന്ന് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാണ് നിരക്ക് കുറയാൻ കാരണം. ഒരു ദിവസം നാലായിരവും കടന്നു രോഗികളുടെ എണ്ണം.
മേയിലെ മരണം
മേയ് 1.... 21
മേയ് 2... 14
മേയ് 3... 7
മേയ് 4... 0
മേയ് 5...14
ആകെ... 56
ഏപ്രിൽ ... 79
ഇതുവരെയുള്ള മരണം... 632.