ചേലക്കര: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവത്തനങ്ങൾ ഊർജിതമാക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ചേലക്കര താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ചേലക്കര സർക്കാർ പോളിടെക്‌നിക്കിൽ കൊവിഡ് പരിശോധനകേന്ദ്രം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുവില്വാമല, പഴയന്നൂർ, ചേലക്കര എന്നീ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്കും കൂടാതെ എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കും പി.പി.ഇ കിറ്റ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അടിയന്തരമായി നൽകി വരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലെ വിവിധ പദ്ധതികൾ ഭേദഗതി വരുത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപ വകയിരുത്തിയാണ് അടിയന്തരമായി പദ്ധതികൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കും 100 വീതം പൾസ് ഓക്‌സിമീറ്ററുകൾ, ഒരു ഡോക്ടർ, നേഴ്‌സ്, ലാബ് ടെക്‌നിഷൻ എന്നിവരുടെ സംഘം അടങ്ങുന്ന സഞ്ചരിക്കുന്ന കൊവിഡ് പരിശോധന ആംബുലൻസ്, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കോവിഡ് രോഗികൾക്ക് ആശുപത്രിയിലേക്ക് പോകുന്നതിനു വേണ്ടി ആംബുലൻസ് എന്നിവ സജ്ജീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കുന്നതിന് വേണ്ടി സന്നദ്ധ പ്രവർത്തകരുടെ ഒരു ടീം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്നുണ്ട്. അംഗങ്ങളാകാൻ താത്പര്യമുള്ളവർക്ക് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടാം. കുടുംബശ്രീ മിഷന്റെ സഹായത്തോടെ കുടുംബശ്രീ സഹായഹസ്തം എന്ന പേരിൽ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽ ടെലി കൗൺസലിംഗ്, ഹെൽപ്പ് ഡെസ്‌ക്ക്, ബോധവത്കരണ ക്ലാസ് എന്നിവ ആരംഭിച്ചിട്ടുണ്ട്. ഇവിടെ വാക്‌സിൻ രജിസ്‌ട്രേഷൻ, മെഡിക്കൽ ഫെസിലിറ്റിക്കാവശ്യമായ നിർദേശങ്ങളും കൗൺസലിംഗും ലഭ്യമാക്കിയിട്ടുണ്ട്. വാക്‌സിൻ രജിസ്‌ട്രേഷൻ ഫോൺ കോൾ മുഖേനയോ, വാട്ട്‌സാപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ 04884224011, 8592931876