മാള: കൊവിഡ് വാക്സിൽ സ്വീകരിക്കാൻ തിരക്കും തർക്കവും. മാള സർക്കാർ ആശുപത്രിയിലാണ് കൊവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനായി എത്തിയവരും അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായത്.
മാർച്ച് 17ന് മുമ്പായി വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുമെന്നറിഞ്ഞ് നൂറു കണക്കിന് ആളുകളാണ് ആശുപത്രിയിലെത്തിയത്. എന്നാൽ ആശാ പ്രവർത്തകർ മാള പഞ്ചായത്തിലെ വാക്സിൻ സ്വീകരിച്ച 60 പേരുടെ ലിസ്റ്റ് കൊണ്ടുവരികയും അവർക്ക് മുൻഗണ നൽകി രണ്ടാമത്തെ ഡോസ് വാക്സിൻ കൊടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.
കേട്ടറിഞ്ഞ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസിനായി അതിരാവിലെ മുതൽ വന്ന് ക്യൂ നിന്നിരുന്നു. നൂറ് ഡോസ് വാക്സിൻ മാത്രം സ്‌റ്റോക്ക് ഉണ്ടായിരിക്കുകയും ആവശ്യക്കാർ കൂടുതൽ എത്തിയതും പ്രശ്നത്തിന് വഴിയൊരുക്കി.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ബ്ലോക്ക് മെമ്പർ ജോർജ് ഊക്കൻ, എച്ച്.എം.സി മെമ്പർ പീറ്റർ പാറേക്കാട്ട് എന്നിവരുടെ അവസരോചിതമായ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.