ചാലക്കുടി: കാലവർഷത്തിന് മുൻപ് തന്നെ കുറ്റിക്കാട്ടെ കർഷകരുടെ മനസിൽ കാറും കോളും നിറഞ്ഞു കഴിഞ്ഞു. കൃഷിയിടങ്ങളുടെ രക്തദമനിയായ കപ്പത്തോടിന്റെ ദുരവസ്ഥയാണ് അവരെ നടുക്കുന്നത്. കനത്തൊരു മഴയുണ്ടായാൽ തോട് കരകവിഞ്ഞ് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തും. വേനലിൽ വിളകളെ തലോടുന്ന കപ്പത്തോട് വർഷക്കാലത്ത് കർഷകർക്ക് പേടി സ്വപ്‌നമാകുന്നതിന്റെ അണിയറക്കഥയിൽ അധികൃതരുടെ അനാസ്ഥതന്നെ.

കർഷകരുടെ ശത്രുക്കളായ ചെടികൾ തോടുമുഴുവൻ കീഴടക്കിയിട്ട് വർഷങ്ങൾ പലതായി. ഇവയെ തുരത്തുന്നതിന് കാര്യക്ഷമായ പ്രവൃത്തികൾ നടക്കാത്തതിന്റെ ദുരിതം പേറുന്നത് പ്രദേശത്തെ കർഷകരും. ചെറിയ അരുവിക്ക് സമാനമായി ഒഴുകുന്ന കപ്പത്തോട് ഇന്നു കുളവാഴയുടെ പിടിയിലാണ്. മിക്കയിടങ്ങളിലും തഴച്ചു വളർന്ന ഇവ തോടിന്റെ സ്വാഭാവിക ഒഴുക്കിന് കനത്ത വെല്ലുവിളിയാണ്. വെള്ളത്തിനടിയിലും വളരാൻ കഴിവുള്ള കുളവാഴക്കൂട്ടം ആഴം കുറഞ്ഞയിടങ്ങളിൽ തോടിന്റെ ഗതിതന്നെ മാറ്റുന്നു. മഴയിൽ അധികമായി എത്തുന്ന വള്ളമാകട്ടെ നേരെ പോകുന്നത് കൃഷിയിടങ്ങളിലേക്കും.

ഓണവിപണിയെ ലക്ഷ്യമിട്ട് ഹെക്ടർ കണക്കിന് സ്ഥലത്ത് നടക്കുന്ന നേന്ത്രവാഴ കൃഷിയാണ് വർഷങ്ങളായി ഇത്തരത്തിൽ നശിക്കുന്നത്. കപ്പ,ചേന തുടങ്ങിയ മറ്റിനങ്ങളും ഓണ വിപണി കാണാതെ ചീഞ്ഞുപോവുകയാണ്. നാങ്കണയെന്ന മറ്റൊരു ചെടിക്കൂട്ടവും കുഴവാഴകൾക്ക് കൂട്ടായി തോട്ടിൻകരയിൽ കാടുപടർത്തുന്നു. രണ്ടു പതിറ്റാണ്ടു മുമ്പുവരെ നിലയുറപ്പിച്ചിരുന്ന കൈതച്ചെടികൾ ഇവയുടെ പിടിച്ചടക്കലോടെ നാടുനീങ്ങിയെന്ന് കർഷകർ പറയുന്നു.

കാലാകാലങ്ങളിൽ തോട് ശുചീകരിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമാകാത്തതാണ് യഥാർത്ഥ പ്രശ്‌നം. കോടശേരി, പരിയാരം പഞ്ചായത്തുകളുടെ ഹൃദയ ഭൂമിയിലുടെ ഒഴുകുന്ന കപ്പത്തോടിന് ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കൃഷിക്കാർ ഇന്നു ഏറെ ദുരിതം നേരിടുന്നു. ചാത്തൻകുഴി, കൊരേക്കാട്ടുപാടം, ചെട്ടിക്കുളം പാടം, പൂവ്വത്തുംകടവ്, കോണിക്കമറ്റം, കൂർക്കമറ്റം, ചങ്കൻകുറ്റി, ധരണപ്പാടം, ചോപ്പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് കപ്പത്തോടിന്റെ മഴക്കാലത്തെ ഗതിമാറ്റം ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. പരിയാടൻ കുരിയപ്പൻ, ജോസ്, സേവ്യാർ, പൗലോസ് അങ്ങനെ നീളുന്നു ഇക്കാരണത്താൽ ദുരിതം പേറുന്ന കർഷകരുടെ പട്ടിക.

കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപറേഷൻ വഴി കഴിഞ്ഞ തവണ കപ്പത്തോട് നവീകരണത്തിന് അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് പകുതിയോളം നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. കൃഷി വകുപ്പിന്റെ തോട് സംരക്ഷണ ഫണ്ട് ഉപയോഗിച്ചും പ്രവർത്തനങ്ങളുണ്ടായി. എന്നാൽ കെ.എൽ.ഡി.സിയുടെ രണ്ടാം ഘട്ടത്തിലെ 15 ലക്ഷം കൂടി ലഭ്യമായെങ്കിലെ പൂവ്വത്തങ്കലിൽ വച്ച് ചാലക്കുടിപ്പുഴയിൽ ചേരുന്ന കപ്പത്തോടിന്റെ സംരക്ഷണം പൂർത്തിയാവുകയുള്ളു. ഇതിനുള്ള നീക്കങ്ങൾ എന്താകുമെന്ന ആശങ്കയിൽ നട്ടം തിരിയുകയാണ് കർഷകർ.

............................

തൊഴിലുറപ്പിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കിയാൽ വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിൽ വീണ്ടും കൃഷി തുടങ്ങാനാകും.

- കൊല്ലേലി ഗീത സുരേഷ് (പ്രദേശവാസി)

..........................

കഴിഞ്ഞ ആഴ്ചയിലെ മഴയത്തും തന്റെ വാഴത്തോട്ടത്തിലേക്ക് വെള്ളം കയറി. ഓരങ്ങൾ ഇടിഞ്ഞും മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ടും കപ്പത്തോട് ഇപ്പോൾ നശിക്കുകണ്.

- പരിയാടൻ സാബു (പ്രദേശവാസി)