തൃശൂർ: ജില്ലയിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കാൻ ഒരുങ്ങി ജില്ലാ ഭരണ കൂടവും ആരോഗ്യ വകുപ്പും പൊലീസും. നിലവിൽ അരലക്ഷത്തോളം രോഗികൾ ആണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ രോഗവ്യാപനം ഉള്ള അഞ്ചു ജില്ലകളിൽ ഒന്നാണ് തൃശൂർ.
ഇളവ് അനുവദിച്ചിരിക്കുന്നവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട് കളക്ടർ. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ന് കണ്ടൈയ്ൻമെന്റ് സോണിൽ ഉൾപ്പെടെ വൈകിട്ട് ഏഴു വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി പൊലീസ് നഗരത്തിൽ ഉൾപ്പെടെ എയ്ഡ് പോസ്റ്റുകൾ തുറക്കും. യാത്രകളുടെ ലക്ഷ്യവും ആവശ്യമായ രേഖകളും ഇല്ലാതെ വന്നാൽ കേസെടുക്കും. വാഹനങ്ങൾ പിടിച്ചെടുക്കും.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പിലാക്കണമെന്നും ഉദ്യോഗസ്ഥർ കൃത്യതയോടെ കാര്യങ്ങൾ പരിശോധിക്കണമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.ലോക്ക്ഡൗൺ സമയത്ത് വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്ക് പോകാൻ അനുമതി നൽകും. ജില്ലയിലെ ആദിവാസി മേഖലകളിൽ നേരിട്ട് വാക്‌സിൻ എത്തിക്കാനുള്ള സജ്ജീകരണം ഒരുക്കും.ജില്ലയിൽ ഓരോ പഞ്ചായത്തുകളിലേക്കും നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ മേൽ നോട്ടത്തിൽ ആയിരിക്കും ലോക്ക്ഡൗൺ നിയന്ത്രണം നടപ്പാക്കുക. സെക്ടറൽ മജിസ്‌ട്രേറ്റ് മാരുടെ പരിശോധന തുടരും. വാർഡ് തലത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പരമാവധി 50 വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന രീതിയിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന് മേൽനോട്ടം വഹിക്കാൻ ജാഗ്രത പ്രതിനിധികളെ നിയോഗിച്ചു.
വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള മേഖലകളിൽ വാക്‌സിനേഷനായി പോകുന്ന ആരോഗ്യ വിഭാഗം ജീവനക്കാർക്ക് ആവശ്യമുള്ള സഹായങ്ങൾ വനം വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കും. ഓക്‌സിജൻ സിലണ്ടറുകളോടുകൂടിയ ബെഡുകൾ സജ്ജീകരിച്ചു വരുന്നു. ഒരുമയോടുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ ആവശ്യം.
എസ്. ഷാനവാസ്
ജില്ലാ കളക്ടർ