lori-

കുതിരാൻ: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ദേശീയ പാതയിലടക്കം വാഹനങ്ങൾ കുറഞ്ഞിട്ടും അപകടങ്ങൾ കുതിരാനിൽ കുറയുന്നില്ല. ഇന്നലെ രാത്രി ചരക്ക് ലോറികൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ചരക്ക്ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്കാണ് പറ്റിയത്. കുതിരാൻ അമ്പലത്തിന്റെ മുൻപിൽ വച്ചായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലക്കാട് ഭാഗത്തു നിന്ന് വന്ന ലോറിയുടെ കാബിൻ പൂർണമായി തകരുകയും ഡ്രൈവർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. ഇടിച്ച വാഹനങ്ങൾ പരസ്‌പരം ചേർന്ന് കിടന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. സ്ഥലത്തെത്തിയ മണ്ണുത്തി ഹൈവേ പൊലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂർ പരിശ്രമിച്ചതിനു ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ചുവന്നമണ്ണ് മുതൽ കൊമ്പഴ വരെ ആറ് കിലോമീറ്റർ നീളത്തിൽ വാഹനങ്ങളുടെ നിര നീണ്ടതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും കുരുക്ക് തീർക്കാൻ സാധിച്ചില്ല. അതിനിടെ കുതിരാൻ തുരങ്ക നിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നത് ആശ്വാസം നൽകുന്നു. ലോക്ക് ഡൗൺ നിയന്ത്രണം തുരങ്ക നിർമാണത്തെ ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു.