almaram-vazhapully-temple

കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ 450 വർഷം പഴക്കമുള്ള ആൽമരം മുറിച്ച് മാറ്റുന്ന ചടങ്ങ്.

തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര നടയിലെ 450 വർഷത്തിലേറെ പഴക്കമുള്ള ആൽമരം മുറിച്ചു മാറ്റുന്നു. ആൽമരത്തിനും വടക്കെ നടയിലെ എഴിലം പാലയ്ക്കും പഴക്കം സംഭവിച്ചതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ നിന്നും ശാസ്ത്രജ്ഞരെ കൊണ്ടുവന്ന് പരിശോധിച്ചിരുന്നു.

മരത്തിന്റെ ഒരു ഭാഗം ലബോറട്ടറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ 450 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കണ്ടെത്തി. മരങ്ങളുടെ പരമാവധി ആയുസ് 500 വർഷമായതിനാൽ പാലമരം ഉടൻ മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ആചാര വിധി പ്രകാരം പാലമരം മുറിച്ചുമാറ്റി നിമജ്ഞനം ചെയ്തു. അതിനിടയിലാണ് കഴിഞ്ഞ ആഗസ്റ്റിൽ ആൽമരത്തിന്റെ ഒരു കൊമ്പ് ഒടിഞ്ഞുവീണത്. ഇതേതുടർന്ന് ശിഖരങ്ങൾ വെട്ടിമാറ്റി അപകടം ഒഴിവാക്കി. പിന്നീട് മരം ഉണങ്ങാൻ തുടങ്ങിയതോടെ ആചാര വിധി പ്രകാരം മരത്തിലെ ചൈതന്യങ്ങൾ മതിൽകെട്ടിന് പുറത്തുള്ള മറ്റൊരു ആൽമരത്തിലേക്ക് മാറ്റി. ഇതിനുശേഷമാണ് മരം പൂർണമായും മുറിച്ചുമാറ്റാൻ തുടങ്ങിയത്.