തൃശൂർ: കോർപറേഷനിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ നടത്തുമെന്ന് മേയർ എം.കെ. വർഗീസ്. 2021- 22 സാമ്പത്തിക വർഷത്തെ മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് കോർപറേഷനിലെ 55 ഡിവിഷനിലേക്കായി ഏകദേശം 2 കോടി 53 ലക്ഷം രൂപ ചെലവ് വരുന്ന 174 പദ്ധതികൾ വർഷക്കാലം ആരംഭിക്കുന്നതിനു മുമ്പായി പൂർത്തീകരിക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഡിവിഷൻ 1 പൂങ്കുന്നം എം.എൽ.എ റോഡിലെ വന്നേരിതോട്, ഡിവിഷൻ 16 ലെ നെട്ടിശ്ശേരിപനഞ്ചകംചിറ തോട്, ഡിവിഷൻ 34 ലെ മെട്രോതോട്, ഡിവിഷൻ 29, 30 എന്നിവയിലൂടെ കടന്നുപോകുന്ന പെരുവാംകുളങ്ങര പനംകുറ്റിച്ചിറ തോട്, ഡിവിഷൻ 35 ലെ ശക്തൻ സ്റ്റാൻഡിന്റെ ഉള്ളിലുള്ള തോട് എന്നിവയാണ് ഇന്നലെ മുതൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് മേയർ അറിയിച്ചു.