ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഡൊമിസിലറി കെയർ സെന്റർ അംഭിക്കുന്നതിലുമുള്ള വിമുഖത പഞ്ചായത്ത് ഭരണസമിതി ഉടൻ അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലായിട്ടും നൂറുകണക്കിന് കൊവിഡ് രോഗികൾ പല വാർഡുകളിലും അവശത അനുഭവിക്കുമ്പോഴും ഡൊമിസിലറി കെയർ സെന്റർ ആരംഭിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവം കാട്ടുന്നതായി എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഡൊമിസിലറി കെയർ സെന്ററുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തുകയുടെ അമ്പത് ശതമാനം ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഭരണ സമിതികൾ നൽകാം എന്ന് അറിയിച്ചിട്ടും കെയർ സെന്റർ ആരംഭിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടി മനുഷ്യത്വരഹിതമാണ്. സമീപ പഞ്ചായത്തുകൾ വളരെ നേരത്തെ തന്നെ ഈ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് അടിയന്തരമായി സെന്റർ ആരംഭിച്ച് പ്രവർത്തനം തുടങ്ങണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.