ചാലക്കുടി: അഞ്ചുമാസം മുമ്പ് ചാലക്കുടി പാലത്തിന് സമീപം പുഴയിൽ വീണു കിടക്കുന്ന കണ്ടെയ്‌നർ ലോറി നീക്കം ചെയ്യുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ എൽ.ഡി.എഫ് അംഗങ്ങൾ കത്തയച്ചു. ജില്ലാ കളക്ടർക്കും ഇതിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്. ജില്ലാ കളക്ടറും പൊലീസ് മേധാവികളും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരേയും നടപടിയുണ്ടായില്ലെന്ന് കത്തിൽ സൂചിപ്പിച്ചു.
കാലവർഷം അടുത്തതോടെ നാട്ടുകാർ ആശങ്കയിലാണ്. പാലത്തിന്റെ തൂണുകളിൽ കുടുങ്ങികിടക്കുന്ന കണ്ടെയ്‌നർ ലോറി മൂലം അതിവർഷത്തിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുമെന്ന് പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ വിശദീകരിച്ചു. നഗരസഭ ഭരണാധികാരികളും ലോറി പുറത്തെടുക്കുന്നതിന് മുൻകൈയ്യെടുക്കുന്നില്ലെന്ന് കൗൺസിലർ ചൂണ്ടിക്കാട്ടി. പ്രളയകാലത്ത് വെട്ടുകടവ് പാലത്തിൽ കുടുങ്ങിയ നിരവധി വലിയ മരത്തടികൾ പുറത്തെടുക്കുന്നതിന് അന്നത്തെ ഭരണ സമിതി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നെന്നും സി.എസ്. സുരേഷ് പറഞ്ഞു.