തൃശൂർ: ഒരു മിനിറ്റിൽ 1500 ലിറ്റർ ഓക്സിജൻ. മെഡിക്കൽ കോളേജിൽ കൊവിഡ് കാലത്ത് കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി കെയർ പദ്ധതിയിലൂടെ ലഭിച്ച ഓക്സിജൻ പ്ലാന്റ് ആശ്വാസമാകുകയാണ്. ഇന്ന് മുതൽ പുതിയ പ്ലാന്റിൽ നിന്ന് ഓക്സിജൻ രോഗികൾക്ക് നൽകും. നാലു മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഓക്‌സിജൻ ക്ഷാമം നേരിടുന്ന കൊവിഡ് കാലത്ത് പുതിയ പ്ലാന്റ് ആശ്വാസമായി. കേന്ദ്ര സർക്കാർ അനുവദിച്ച ഒന്നര കോടി ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. ഒരു മിനിറ്റിൽ ശരാശരി 1500 ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാനാകും. 24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കും. പ്ലാന്റ് പ്രവർത്തനം തുടങ്ങിയത് മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സയ്ക്ക് വലിയ സഹായകമാകും. പ്ലാന്റിന്റെ ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂർത്തിയായതോടെയാണ് പ്ലാന്റ് പ്രവർത്തനം തുടങ്ങിയത്. ഒരേ സമയം 150 ഓളം കൊവിഡ് രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് കേന്ദ്ര ഫണ്ട് അനുവദിച്ചത്. സംസ്ഥാന സർക്കാർ കെട്ടിടവും വൈദ്യുതീകരണവും പൂർത്തിയാക്കിയതോടെ ജനുവരിയിലാണ് മെഷീൻ സ്ഥാപിച്ചത്. സംസ്ഥാനത്ത് അഞ്ചു മെഡിക്കൽ കോളേജുകൾക്കാണ് കേന്ദ്ര സർക്കാർ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാൻ തുക അനുവദിച്ചത്. ജില്ലയിൽ കൊവിഡ് രോഗികൾ ദിനം പ്രതി വർദ്ധിക്കുകയും ആവശ്യമായ ഓക്സിജൻ ലഭ്യമാകാത്ത സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടെയാണ് പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമായത്.
അതേ സമയം കൊവിഡ് രോഗികൾക്കുള്ള കിടക്കകൾ 700 എണ്ണമായി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വന്നിട്ടുണ്ടെന്നും അതിനാൽ മറ്റൊരു ഓക്‌സിജൻ പ്ലാന്റ് കൂടി ആരംഭിച്ചതായി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ പറഞ്ഞു.